Mar 21, 2026

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം


കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. പൊലീസ് ചുമത്തിയ ബാക്കി കുറ്റങ്ങളിൽ ആദ്യം 30 വർഷം ശിക്ഷ അനുഭവിക്കണം. അതിനുശേഷം ആയിരിക്കും കൊലപാതകത്തിനുള്ള ജീവപര്യന്തം ആരംഭിക്കുക. കേസിൽ പ്രോസിക്യൂഷൻ അപ്പീൽ പോകും.

കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന കൊലപാതകത്തിൽ പ്രതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശിക്ഷാവിധിയിൽ വാദം നടന്നത്.

കേസ് അപൂർവങ്ങളിൽ അപൂർവം ആയ കുറ്റകൃത്യം ആയി കണക്കാക്കി വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കുറ്റം ചെയ്‌തത് കരുതികൂട്ടി അല്ലെന്നും പരമാവധി കുറഞ്ഞ ശിക്ഷ നൽകണം എന്നും പ്രതിഭാഗവും വാദിച്ചു. സെഷൻസ് ജഡ്ജ് പി. എൻ വിനോദ് ആണ് ശിക്ഷ വിധിച്ചത്. വിധി കേൾക്കാൻ വന്ദനയുടെ മാതാപിതാക്കൾ ഉൾപ്പെടെ കോടതിയിൽ എത്തി.

കൊലപാതകം, വധശ്രമം, സ്ത്രീകൾക്ക് എതിരെ ഉള്ള അതിക്രമം ഉൾപ്പെടെ പൊലീസ് ചുമത്തിയ കുറ്റങ്ങളിൽ എല്ലാം പ്രതി കുറ്റക്കാരൻ എന്നാണ് കോടതിയുടെ കണ്ടെത്തൽ. കരുതികൂട്ടി ചെയ്‌തത് അല്ലെന്നും പെട്ടെന്ന് ഉണ്ടായ മാനസിക പ്രശ്നങ്ങളെ തുടർന്നാണ് അതിക്രമം നടത്തിയത് എന്നുമായിരുന്നു പ്രതിഭാഗം വാദം.

സന്ദീപിന് പ്രശ്നങ്ങൾ ഇല്ലെന്ന മെഡിക്കൽ റിപ്പോർട്ട് നേരത്തെ തന്നെ മെഡിക്കൽ ബോർഡ് കോടതിയിൽ ഹാജരാക്കിയിരുന്നു. വിധി കേൾക്കാൻ വന്ദനയുടെ അച്ഛനും അമ്മയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് പ്രതാപ് ജി.പടിക്കൽ ആണ് പ്രോസിക്യൂഷൻ വേണ്ടി ഹാജരായത്. 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി മുതലുകളും ആണ് പ്രതാപ് ജി. പടിക്കൽ കോടതിയിൽ ഹാജരാക്കിയത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only