Mar 9, 2026

താമരശ്ശേരിയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് കവർച്ച; പണവും സ്വർണ്ണാഭരണങ്ങളും വാച്ചുകളും കവർന്നു


താമരശ്ശേരി: വെസ്റ്റ് പുതുപ്പാടിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. തുമ്പോപറമ്പിൽ ടി.പി. സലീമിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീട്ടുകാർ വിദേശത്തായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്ന് രാവിലെ വീടിന്റെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് മോഷണവിവരം പുറത്തറിയുന്നത്.

​ഏകദേശം 20,000 രൂപ, കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ, രണ്ട് മൊബൈൽ ഫോണുകൾ, വിദേശത്തുനിന്ന് കൊണ്ടുവന്ന എട്ട് വിലപിടിപ്പുള്ള വാച്ചുകൾ എന്നിവയാണ് പ്രാഥമിക നിഗമനമനുസരിച്ച് നഷ്ടപ്പെട്ടിട്ടുള്ളത്. വീട്ടുകാർ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം മാത്രമേ എത്രത്തോളം സ്വർണ്ണം നഷ്ടപ്പെട്ടുവെന്ന കാര്യത്തിൽ കൃത്യമായ വ്യക്തത വരികയുള്ളൂ.

​വീടിന്റെ എല്ലാ മുറികളിലെയും അലമാരകൾ മോഷ്ടാക്കൾ കുത്തിത്തുറന്ന നിലയിലാണ്. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മുറികളിൽ വാരിവലിച്ചിട്ട അവസ്ഥയിലാണുള്ളത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെള്ള വസ്ത്രം ധരിച്ച് ഹെൽമറ്റ് ധരിച്ച ഒരാൾ വീടിന്റെ വാതിൽ പൊളിക്കുന്നതും അകത്തുകയറി മടങ്ങുന്നതും കണ്ടെത്തിയിട്ടുണ്ട്.

​സലീമിന്റെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് മോഷണശല്യം വർധിക്കുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only