Apr 24, 2026

ജൈവ കൃഷി മാതൃകകൾ കണ്ട് മനസ്സിലാക്കാൻ വടകരയിൽ നിന്നും കർഷകർ തിരുവമ്പാടിയിലെത്തി


തിരുവമ്പാടി:
ഭാരതീയ പ്രകൃതിക് കൃഷി പദ്ധതി (BPKP) പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വടകര ബ്ലോക്കിൽ നിന്നും കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അപർണ്ണ യുടെ നേതൃത്വത്തിൽ കർഷകരുടെയും പരിശീലകരുടെയും ഉദ്യോഗസ്ഥരുടെയും സംഘം തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ടിൽ എത്തി വിവിധ ഫാമുകൾ സന്ദർശിച്ചു.

ആധുനിക ശാസ്ത്രീയ സമ്മിശ്ര കൃഷിയിൽ മാതൃകയായ നിരവധി കൃഷിയിടങ്ങളാണ് മലയോര മേഖലയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി ആരംഭിച്ച കോഴിക്കോട് അഗ്രോ ഫാം ടൂറിസം (കാഫ്റ്റ്) പദ്ധതിയുടെ ഭാഗമായുള്ളത്. ഈ ഫാമുകളിൽ മിക്കവയും ജില്ലാ, സംസ്ഥാന, ദേശീയ അവാർഡുകൾ നേടിയവയുമാണ്. 

കൃഷി വകുപ്പിൻ്റെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഏക തേൻ സംസ്കരണ യൂണിറ്റായ കോടഞ്ചേരി തുഷാര ഹണിയും തിരുവമ്പാടി പഞ്ചായത്തിലെ കാർമൽ അഗ്രോ ഫാം, കല്ലോലിക്കൽ അഗ്രി ഫാം, താലോലം പ്രൊഡക്ട്സ്, തറക്കുന്നേൽ അഗ്രോ ഗാർഡൻ, ലെയ്ക് വ്യൂ ഫാം സ്റ്റേ എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. 

കാഫ്റ്റ് കോഓർഡിനേറ്റർ അജു എമ്മാനുവൽ, കൃഷി അസിസ്റ്റൻ്റ് മാരായ രാജേഷ് കെ, സുഭാഷ് , തുഷാര ഹണി ഫാർമേഴ്സ് സൊസൈറ്റി പ്രസിഡണ്ട് ജോണി താഴത്തുവീട്ടിൽ, സെക്രട്ടറി തോമസ് പെരുമാട്ടിക്കുന്നേൽ, തിരുവമ്പാടി ഫാം ടൂറിസം സൊസൈറ്റി ഭാരവാഹികളായ ഡൊമിനിക് മണ്ണൂക്കുശുമ്പിൽ, സാബു തറക്കുന്നേൽ, എമേഴ്സൻ കല്ലോലിക്കൽ, ജയ്സൺ പ്ലാത്തോട്ടത്തിൽ, ബീന അജു തുടങ്ങിയവർ ചേർന്ന് സന്ദർശക സംഘത്തെ സ്വീകരിക്കുകയും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ചെയ്തു.

ഫാമുകളുടെ ഉയർന്ന നിലവാരത്തിലും വൈവിധ്യത്തിലും ലഭ്യമായ മികച്ച ആതിഥ്യത്തിലും രുചികരമായ ഭക്ഷണത്തിലും ഏറെ സംതൃപ്തി രേഖപ്പെടുത്തിയാണ് സന്ദർശക സംഘം തിരികെ പോയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only