ചെന്നൈ: തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം നാലു ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിന് അവസാനം. തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ അധികാരത്തിലേക്ക്.
കോൺഗ്രസിനൊപ്പം സിപിഐ, സിപിഎം, വിസികെ എന്നീ കക്ഷികളുടെ കൂടി പിന്തുണ ലഭിച്ചതോടെയാണ് ടിവികെയ്ക്ക് ഭരണത്തിലെത്താൻവേണ്ട കേവല ഭൂരിപക്ഷമായത്. ആരാധകരുടെ ഇളയദളപതി തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ശനിയാഴ്‌ച രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും.
കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, വിജയ്‌യുടെ പാർട്ടിക്ക് ഒറ്റയ്ക്ക് 108 സീറ്റുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരിക്കാൻ അനുവദിക്കില്ലെന്ന് ഗവർണർ ആർ.വി. അർലേക്കർ നിലപാടെടുത്തതോടെയാണ് സഖ്യ ചർച്ചകൾ സജീവമായത്. അവസാന നിമിഷം നടന്ന ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് (5 സീറ്റുകൾ), വി.സി.കെ (2), സി.പി.ഐ.എം (2), സി.പി.ഐ (2), എ.എം.എം.കെ (1), മുസ്‌ലിം ലീഗ് (1) എന്നീ പാർട്ടികളുടെ പിന്തുണ കൂടി വിജയ്ക്ക് ലഭിച്ചു. അദ്ദേഹത്തിനിപ്പോൾ 121 എംഎൽഎമാരുടെ പിന്തുണയുണ്ട്.തനിക്ക് 118-ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് വിജയ് ഗവർണറെ കണ്ട് ബോധിപ്പിച്ചു.
പിന്തുണയ്ക്കുമ്പോഴും, സംസ്ഥാനത്തിൻ്റെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഡിഎംകെയുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്ന് ഇടതുപക്ഷ പാർട്ടികൾ അറിയിച്ചിട്ടുണ്ട്.
തമിഴ്‌നാട്ടിൽ ഗവർണർ ഭരണം വരുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ വ്യക്തമാക്കി. ഇത് ജനവിധി അംഗീകരിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment