ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് യുഎഇയിൽ നിന്ന് വിവിധ അറബ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു. യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും ലഭ്യമായ സീറ്റുകളുടെ കുറവുമാണ് നിരക്ക് വർധിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തവണ ഹജ്ജ് തീർത്ഥാടനവും പെരുന്നാൾ അവധിയും ഒരേ സമയം വന്നത് യാത്രാ ആവശ്യം ഇരട്ടിയാക്കി. ഇതാണ് സൗദി അറേബ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിക്കാൻ പ്രധാന കാരണം.
നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ ആകാശപാതകൾ മാറ്റി പറക്കുന്നത് മൂലമുള്ള ഇന്ധന ചിലവും അധിക ചാർജുകളും നിരക്കിനെ ബാധിച്ചിട്ടുണ്ട്. പല എയർലൈനുകളും ഇപ്പോഴും തങ്ങളുടെ സർവീസുകൾ പൂർണ്ണ തോതിൽ പുനഃസ്ഥാപിച്ചിട്ടില്ല. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതും യാത്രക്കാർ കൂടിയതും ടിക്കറ്റ് കിട്ടാക്കനിയാക്കി.
പെരുന്നാൾ അടുപ്പിച്ച് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർധിച്ചതും നിരക്ക് കുതിക്കാൻ കാരണമായി. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കുകളിൽ 25 മുതൽ 45 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ടെന്ന് അൽ സഫ്രാൻ ട്രാവൽ ആൻഡ് ടൂറിസം എം.ഡി പ്രവീൺ ചൗധരി പറഞ്ഞു. ചില റൂട്ടുകളിൽ ശരാശരി നിരക്ക് 3,500 ദിർഹം വരെയായി ഉയർന്നു.
Post a Comment