കൂടരഞ്ഞി : ഊട്ടി കോത്തേരി സ്വദേശി സതീഷ് (33) വനത്തിൽ കാണാതായ സംഭവത്തിൽ വ്യാപക തിരച്ചിൽ തുടരുന്നു. പൂവാറൻതോട് പ്രദേശത്തെ ഒരു റിസോർട്ടിലെ ജീവനക്കാരനായ സതീഷ് കഴിഞ്ഞ 17-ാം തീയതി രാവിലെ തമ്പുരാൻകൊല്ലി ഭാഗത്ത് നിന്ന് വനത്തിലേക്ക് കയറിയതായാണ് ലഭിക്കുന്ന വിവരം.
എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതോടെ സഹപ്രവർത്തകരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാണാതായ വിവരം പുറത്തറിഞ്ഞത്.
തുടർന്ന് പ്രദേശവാസികൾ പൊലീസിനെയും വനവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ വാർഡ് മെമ്പർ റോയി ആക്കേലിയുടെ നേതൃത്വത്തിൽ പൊലീസ്, വനപാലകർ, നാട്ടുകാർ എന്നിവർ ചേർന്ന് വനമേഖലയിൽ വ്യാപക പരിശോധന ആരംഭിച്ചു. വനത്തിനുള്ളിലെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
മലയോര മേഖലയിലെ കനത്ത കാടുകളും കുത്തനെയുള്ള പ്രദേശങ്ങളും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സതീഷിനെ കണ്ടെത്തുന്നതിനായി കൂടുതൽ സംഘങ്ങളെ ഉൾപ്പെടുത്തി തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Post a Comment