Jul 15, 2026

എം എൽ എ യുടെ ഇടപെടൽ ഫലം കണ്ടു കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിലെ അപാകതകൾ; റോഡ് നവീകരണത്തിന് തുടക്കം


മുക്കം:അപാകതകൾ മൂലം ഏറെ പരാതികൾക്കിടയാക്കിയ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ അപാകതകൾ പരിഹരിക്കുന്ന പ്രവ്യത്തിക്ക് തുടക്കം.സി.കെ കാസിം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജില്ല കളക്ടർ എം.എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരമാണ് കരാർ കമ്പനിയുടെ നേതൃത്വത്തിൽ പ്രവൃത്തിയാരംഭിച്ചത്.
കിലോമീറ്ററിന് 4 കോടിയിലധികം രൂപ മുടക്കി പ്രവൃത്തി പൂർത്തീകരിച്ച സംസ്ഥാന പാതയിലെ അപാകതകൾക്കെതിരെ പ്രവൃത്തി തുടങ്ങിയ അന്ന് മുതൽ പരാതികളും ഉയർന്ന് തുടങ്ങിയിരുന്നു. കഴിഞ്ഞ ജൂണിൽ
ജില്ല കലക്ടറുടെ ചേമ്പറിൽ എം എൽ എ യുടെ സാന്നിധ്യത്തിൽ നടന്ന പൊതുമരാമത്ത്
ഉദ്യോഗസ്ഥരുടേയും കെ എസ് ടി പി ജീവനക്കാരുടേയും കരാർ കമ്പനി പ്രതിനിധികളുടേയും യോഗത്തിൽ പ്രവൃത്തി ജൂൺ 30 നകം തീർക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ശക്തമായ മഴയെ തുടർന്ന് പ്രവൃത്തി തുടങ്ങാൻ സാധിച്ചിരുന്നില്ല.3 ദിവസമായി ശക്തമായ വെയിൽ ലഭിച്ച് തുടങ്ങിയതോടെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു.
റോഡിലെ എല്ലാ മേജർ, മൈനർ പ്രവൃത്തികളും ഓവുചാൽ സംബന്ധമായ പ്രവൃത്തികളുമടക്കം പൂർത്തീകരിക്കും.
കത്താത്ത തെരുവ് വിളക്കുകൾ മാറ്റി സ്ഥാപിക്കാനും മാഴ്ഞ്ഞു പോയ മാർക്കിംഗുകൾ പുനസ്ഥാപിക്കാനും ഇളകിയതും നശിച്ചതുമായ ദിശാബോർഡുകൾ യഥാസ്ഥാനത്ത് പുനസ്ഥാപിക്കാനും നിർദേശം നൽകിയിട്ടുണ്ട്.  മഴക്കാലപൂർവ ശുചീകരണത്തിൻ്റെ ഭാഗമായി ഓടവൃത്തിയാക്കൽ, റോഡരികിലെ കാടുകളും പുല്ലുകളും യുദ്ധകാലാടിസ്ഥാനത്തിൽ വെട്ടിമാറ്റൽ എന്നീ പ്രവൃത്തികളും നടക്കും. പകുതി വീതിയിൽ ചില സ്ഥലങ്ങളിൽ നടത്തിയ ബിസി ടാറിംഗ് പരിശോധിച്ച് അപകടകരമാണങ്കിൽ മുഴുവൻ വീതിയിൽ ചെയ്യണം. റോഡിലെ പ്രവൃത്തികൾ ഇരുചക്രവാഹനങ്ങൾക്ക് അപകടകരമല്ലന്ന് ഉറപ്പ് നൽകണം. മനുഷ്യാവകാശ കമ്മീഷൻ്റെ നിർദേശപ്രകാരമുള്ള ഹാൻ്റ് റെയിൽ, കലുങ്ക് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയാക്കാനും കർശന നിർദേശം നൽകിയിട്ടുണ്ട്.
റോഡിൽ അപകടങ്ങളും മരണങ്ങളും അപാകതകളും  തുടരുന്ന സാഹചര്യത്തിൽ മുൻ സർക്കാറിൻ്റെ കാലത്ത്  അന്നത്തെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ്, പോലീസ്, പൊതുമരാമത്ത് വകുപ്പ്
മറ്റ് വകുപ്പുകൾ എന്നിവർ സംയുക്ത പരിശോധന നടത്തി തയ്യാറാക്കി ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ട് വെളിച്ചം കണ്ടിരുന്നില്ല. റിപ്പോർട്ട്  മാസങ്ങളായി പൂഴ്ത്തിവെച്ചിരിക്കുന്നതിനെതിരെ 
സി.കെ കാസിം രംഗത്തെത്തുകയും മെയ് മാസം നടന്ന ജില്ല വികസന യോഗത്തിൽ  അടിയന്തര നടപടിയാവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടർ ഇടപെട്ട് യോഗം വിളിച്ചത്. നേരത്തെ തയ്യാറാക്കിയ സംയുക്ത
റിപ്പോർട്ടിൽ റോഡിലെ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നു. 
      മാസങ്ങൾക്ക് മുമ്പ്
യാത്രക്കാരുടെ കണ്ണിൽ പൊടിയിടാൻ ചില സ്ഥലങ്ങളിൽ അറ്റകുറ്റപണികൾ നടത്തിയെങ്കിലും അതും ഫലവത്തായിരുന്നില്ല.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓടത്തെരുവ്, മുക്കം  മുല്ലാേളി ജംഗ്ഷൻ ഭാഗങ്ങളിലാണ് റോഡ് താഴ്ന്ന സ്ഥലങ്ങളിൽ വീണ്ടും അശാസ്ത്രീയമായി റീ ടാറിംഗ് നടത്തിയിരുന്നത്. അതിനിടെ
സംസ്ഥാന പാതയിലെ നിർമ്മാണ തകരാറുകൾ കരാർ വ്യവസ്ഥ പ്രകാരം പരിഹരിക്കുന്നതിൽ പി.ഡബ്ല്യു.ഡി – കെ.എസ്.ടി.പി. ഡിവിഷന് വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷനും കണ്ടെത്തിയിരുന്നു.
കരാർ കമ്പനിയുമായി ഒപ്പുവച്ച കരാറിലെ വ്യവസ്ഥകൾ കൃത്യമായി പ്രാബല്യത്തിൽ കൊണ്ടുവന്ന് റോഡിലും അനുബന്ധ സൗകര്യങ്ങളിലും ഉണ്ടായിട്ടുള്ള എല്ലാ അപാകതകളും കരാറുകാരനിലൂടെ നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെടുകയും നിർദ്ദേശങ്ങൾ കമ്പനി പാലിച്ചില്ലെങ്കിൽ കരാറിലെ പിഴ, ഡിഫോൾട്ട്, കരിമ്പട്ടികയിൽപെടുത്തൽ തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പി.ഡബ്ല്യു.ഡി. ചീഫ് എഞ്ചിനീയർക്കും കെ.എസ്.ടി.പി. പ്രോജക്റ്റ് ഡയറക്ടർക്കും കർശന നിർദ്ദേശവും നൽകിയിരുന്നു.  സംസ്ഥാനപാതയിൽ ഓമശ്ശേരിക്കും എരഞ്ഞിമാവിനുമിടയിലുള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ പരാതി ഉയർന്നിരിക്കുന്നത്. 
റോഡ് പ്രവൃത്തിക്കെതിരെ നേരത്തേയും നിരവധി പരാതികൾ ഉയർന്നിരുന്നു. 
അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം,പ്രവൃത്തിയുടെ ഗുണനിലവാരക്കുറവ്, പൊതുമരാമത്ത് സ്ഥലം സ്വകാര്യ വക്തികൾക്ക് വിട്ടുകൊടുത്ത് അതിരിൽ നിന്ന് ഒരു മീറ്റർ വരെ ഉള്ളിലേയ്ക്ക് നീക്കിയുള്ള റോഡ് നിർമാണം, ഇതു മൂലമുള്ള റോഡിന്റെ വീതിക്കുറവ്,അശാസ്ത്രീയമായി റോഡ് ഉയർത്തിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട്, ഗുണനിലവാരമില്ലാത്ത നിർമാണ സാമഗ്രികൾ ഉപയോഗിച്ചുള്ള റോഡ് നിർമാണം, കോൺക്രീറ്റ് സ്ലാബുകളുടെ ഉറപ്പുകുറവുംപൊട്ടലും, ഉൾപ്പെടെയുള്ള പരാതികളും നേരത്തെ ഉയർന്നു വന്നതാണ്.
 റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്.
 കൊയിലാണ്ടി- പൂനൂർ, പൂനൂർ- ഓമശ്ശേരി, ഓമശ്ശേരി- എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളുടെ നിർമാണത്തിനാണ്  222 കോടി രൂപയുടെ കരാർ നൽകിയത്.
ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി അത്യാധുനിക സൗകര്യങ്ങളോടെയാണ് റോഡിൻ്റെ പുനർനിർമാണം നടക്കുകയെന്നും വ്യക്തമാക്കിയിരുന്നു.കലുങ്കുകൾ, പാലങ്ങൾ എന്നിവയുടെ നിർമാണവും പരിപാലനവും, ഡ്രൈനേജുകൾ, ടൈൽ വിരിച്ച ഹാൻ്റ് റെയിലോട് കൂടിയ നടപ്പാതകൾ, പ്രധാന ജങ്ഷനുകളുടെ സൗന്ദര്യവത്കരണം, തെരുവുവിളക്കുകൾ തുടങ്ങി അത്യാധുനിക സംവിധാനത്തോടെയാണ് റോഡ് നിർമ്മാണമെന്നാണ് ആദ്യഘട്ടത്തിൽ അറിയിച്ചിരുന്നത്.ഏതായാലും മാസങ്ങളായി ജനങ്ങളും യാത്രക്കാരും അനുഭവിക്കുന്ന പ്രശ്നത്തിന് സി.കെ കാസിം എം എൽ എ യുടെ ഇടപെടലിൽ പരിഹാരമാവുന്ന ആശ്വാസത്തിലാണ് നാട്ടുകാർ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only