Jul 15, 2026

തുരങ്ക പാത പണി നടക്കുന്ന കള്ളാടി ദുരന്ത മേഖല വിദഗ്ധ സമിതി സന്ദർശിച്ചു


വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും പരിശോധിക്കാൻ വിദഗ്ധ സമിതി മണ്ണിടിച്ചിൽ മേഖല സന്ദർശിച്ചു. കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ബുധനാഴ്ച രാവിലെ കള്ളാടിയിലെത്തിയത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തും നിർമാണ മേഖലയിലും മണ്ണ് കൂട്ടിയിട്ട സ്ഥലങ്ങളിലും സംഘം പരിശോധന നടത്തി.
തുരങ്കപാത നിർമാണ മേഖലയിലെ മണ്ണും അവശിഷ്ടങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയാണ് നടന്നതെന്നും പ്രദേശത്തെ ആകാശ ദൃശ്യങ്ങൾ കൂടി പരിശോധിക്കുമെന്നും സംഘാംഗം ഡോ. സന്തോഷ് ജി തമ്പി പറഞ്ഞു. മഴയില്ലാത്തതിനാല്‍ പ്രദേശത്ത് അനുകൂല സാഹചര്യമാണുള്ളത്. പരിസര ഭൂപ്രദേശങ്ങൾ വിശദമായി നിരീക്ഷിക്കും. മേഖലയിൽ സമിതി വിശദമായ പഠനം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂ വകുപ്പ് ദുരന്തനിവാരണ സ്‍പെഷ്യൽ സെക്രട്ടറി കെ ജീവൻ ബാബുവും ബുധനാഴ്ച കള്ളാടി സന്ദർശിച്ചു. റവന്യൂ, പൊതുമരാമത്ത്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുരങ്കപാത നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവെ കരാറുകാരായ ദിലീപ് ബിൽഡ്കോൺ പ്രതിനിധികളുമായും വിദഗ്ധ സംഘം ചർച്ച നടത്തി. നിർമാണ മേഖലയിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ്, അടിഞ്ഞുകൂടിയ മറ്റ് അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ കമ്പനി കണ്ടെത്തിയ സ്ഥലം സമിതി പരിശോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്ന് മീനാക്ഷിപുഴയിൽ നിന്നും കണ്ടെത്തിയ ലോഹഭാഗങ്ങൾ, വാഹനങ്ങൾ, കോൺക്രീറ്റ് ഭാഗങ്ങൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച പരിശോധനയും വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ നടന്നു. ദിലീപ് ബിൽഡ്കോണിന്റെ നേതൃത്വത്തിൽ മീനാക്ഷിപാലത്തിന് ഇരു വശങ്ങളിലുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.

ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, എ.ഡി.എം കെ അജീഷ്, സബ് കളക്ടർ അതുൽ സാഗർ, ജില്ലാ ജിയോളജിസ്റ്റ് ടി.എം ഷെൽജു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only