മുക്കം : കാരശ്ശേരി മുരിങ്ങംപുറായിയിൽ തെരുവുനായ ശല്യം രൂക്ഷം വിദ്യാർത്ഥികളെ ഓടിച്ചു, ആക്രമണത്തിൽ വീണ് പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് എക്സാം നഷ്ടമായി, പ്രതിഷേധവുമായി നാട്ടുകാർ
കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിയിൽ കഴിഞ്ഞ കുറേക്കാലമായി തെരുവുനായ ശല്യം അതീവ രൂക്ഷമായി തുടരുകയാണ്. രാവിലെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും പോകുന്ന കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ ഭീഷണിയാണ് പ്രദേശത്തെ തെരുവുനായ്ക്കൾ സൃഷ്ടിക്കുന്നത്. മുൻപും നിരവധി ആളുകളെ നായ്ക്കൾ ആക്രമിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ ശാശ്വതമായ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെതിരെ വലിയ രോഷവും രൂക്ഷവിമർശനവുമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉയരുന്നത്.
ഇന്ന് രാവിലെയും സമാനമായ ദാരുണ സംഭവമാണ് പ്രദേശത്തുണ്ടായത്. മദ്രസയിലേക്ക് പോവുകയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിക്കുകയായിരുന്നു. ഭയന്നോടുന്നതിനിടെ വീണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഫാത്തിമ സിയ ക്കാണ് പരിക്കേറ്റത്. വീഴ്ചയിൽ കുട്ടിയുടെ കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. സമീപ പ്രദേശത്തെ ഒരു യുവാവ് കണ്ടത് കൊണ്ട് കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു .അപകടത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന സിയക്ക് മദ്രസയിലെ പ്ലസ് വൺ പരീക്ഷ എഴുതാൻ സാധിച്ചതുമില്ല. നായയുടെ ആക്രമണം കാരണം വിദ്യാർത്ഥിനിയുടെ പ്രധാനപ്പെട്ട എക്സാം കൂടിയാണ് നഷ്ടമായിരിക്കുന്നത്.
പ്രദേശത്ത് കുട്ടികൾക്കും പ്രായമായവർക്കും പുറത്തിറങ്ങി നടക്കാൻ പോലും കഴിയാത്ത ഭയാനകമായ സാഹചര്യമാണുള്ളത്. ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണമെന്നും തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം അടിയന്തരമായി കാണണമെന്നുമാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Post a Comment