Jul 22, 2026

പൊതുറോഡ് കയ്യേറിയ സംഭവം: പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കൊടിയത്തൂർ പഞ്ചായത്തും സെക്രട്ടറിയും; ക്വാറി മുതലാളിമാരും സെക്രട്ടറിയും തമ്മിൽ അവിഹിത കൂട്ടുകെട്ടെന്ന് ആക്ഷേപം


മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഗോതമ്പ് റോഡ് - കൊട്ടക്കയം റോഡിന്റെ 100 മീറ്ററോളം ഭാഗം സ്വകാര്യ ക്വാറി കമ്പനി കയ്യേറിയതുമായി ബന്ധപ്പെട്ട് പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തും പഞ്ചായത്ത് സെക്രട്ടറിയും ക്വാറി മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതായി ആക്ഷേപം.
പഞ്ചായത്ത് രജിസ്റ്ററിൽ വ്യക്തമായി ഉൾപ്പെട്ടിട്ടുള്ള ഈ പൊതുറോഡ് കയ്യേറിയതിനെതിരെ പ്രദേശവാസിയായ മൻസൂർ ചിറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, തഹസിൽദാർ (ഭൂരേഖ), തദ്ദേശ സ്വയംഭരണ ഒമ്പുഡ്സ്മാൻ എന്നിവർക്ക് മുൻപ് തന്നെ രേഖാമൂലം പരാതി സമർപ്പിച്ചിരുന്നു. പരാതിയെ തുടർന്ന് ആവശ്യമെങ്കിൽ സർവ്വേ നടത്തി റോഡ് അളന്നു തിട്ടപ്പെടുത്താൻ തഹസിൽദാർ (ഭൂരേഖ) നിർദ്ദേശിച്ചിട്ടുള്ളതാണ്. കൂടാതെ നിയമനടപടികളിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 156-ാം വകുപ്പ് പ്രകാരം പഞ്ചായത്ത് പ്രസിഡന്റിന് നിയമപരമായ നോട്ടീസും നൽകിയിരുന്നു.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും തഹസിൽദാറുടെ (ഭൂരേഖ) നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കാനോ പൊതുറോഡ് കയ്യേറ്റം ഒഴിപ്പിക്കാനോ പഞ്ചായത്ത് സെക്രട്ടറിയോ ഗ്രാമപഞ്ചായത്തോ തയ്യാറായിട്ടില്ല. ഇതിന് പിന്നിൽ ക്വാറി മുതലാളിമാരും പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടാണെന്ന് ശക്തമായ ആക്ഷേപമുണ്ട്.
പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ കടുത്ത നിഷ്ക്രിയത്വത്തിലും അഴിമതി ആരോപണങ്ങളിലും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ 
നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോയ്ക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പൊതുജനങ്ങളുടെ സ്വത്തായ പഞ്ചായത്ത് റോഡ് വീണ്ടെടുക്കുന്നതിനായി ശക്തമായ നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് മൻസൂർ ചിറയിൽ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only