മുക്കം: മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലെത്തിക്കുകയും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുകയും ലക്ഷ്യമിട്ട് തിരുവമ്പാടി എംഎൽഎ സി. കെ. കാസിം 'ജനമിത്രം' എന്ന പേരിൽ പ്രാദേശിക ജനപ്രതിനിധി സംഗമങ്ങൾക്ക് തുടക്കമിടുന്നു. 'നേരിൽ കേൾക്കാം, ഒന്നിച്ച് മുന്നേറാം' എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ജൂലൈ 13, 14 തിയ്യതികളിൽ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും മുഴുവൻ ജനപ്രതിനിധികളുമായും എംഎൽഎ നേരിട്ട് കൂടിക്കാഴ്ച നടത്തി ഓരോ പ്രദേശവും നേരിടുന്ന വികസന-അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹാര നടപടികൾക്ക് രൂപം നൽകുകയും ചെയ്യുന്നതാണ് പരിപാടിയുടെ ലക്ഷ്യം. വാർഡ് തലത്തിൽ ഉയരുന്ന വിഷയങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽപ്പെടുത്തി സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള പ്രവർത്തനരീതിക്കും യോഗങ്ങളിൽ രൂപം നൽകും.
മണ്ഡലത്തിലെ വികസന പദ്ധതികളുടെ പുരോഗതി, പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികൾ, കുടിവെള്ളം, റോഡുകൾ, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങി വിവിധ മേഖലകളിലെ ആവശ്യങ്ങൾ ജനപ്രതിനിധികളിൽ നിന്ന് നേരിട്ട് കേട്ട് തുടർനടപടികൾക്ക് മുൻഗണന നിശ്ചയിക്കാനാണ് എംഎൽഎയുടെ തീരുമാനം. സംസ്ഥാനത്ത് തന്നെ ഇത്തരത്തിൽ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലെയും ജനപ്രതിനിധികളെ നേരിട്ട് പങ്കെടുപ്പിച്ച് മണ്ഡലതലത്തിൽ നടത്തുന്ന ആദ്യ സംരംഭങ്ങളിലൊന്നായാണ് 'ജനമിത്രം' വിലയിരുത്തപ്പെടുന്നത്.
ആദ്യ ദിവസം രാവിലെ പത്ത് മണിക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് 11.45 ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസ്,ഉച്ചയ്ക്ക് 2 മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ്,വൈകീട്ട് 3.30ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് സംഗമങ്ങൾ.
ജൂലൈ 14ന്
ഉച്ചയ്ക്ക് 12 മണിക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്,
2 മണിക്ക്കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,
വൈകീട്ട് 3.30ന് മുക്കം നഗരസഭയിലും പരിപാടി നടക്കും.
ജനപ്രതിനിധികളുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ ഭരണ-വികസന- ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗവും കാര്യക്ഷമതയും കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എം എൽ എ
Post a Comment