കോടഞ്ചേരി: കോടഞ്ചേരിയിലെ തെരുവുനായ ശല്യത്തിന് ഉടനടി പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി ട്രസ്റ്റി. കഴിഞ്ഞദിവസം കോടഞ്ചേരി അങ്ങാടിയിൽ വച്ച് തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. രാവിലെ പള്ളിയിലേക്ക് വരികയായിരുന്ന കുട്ടികളെ കോടഞ്ചേരി മേലെ അങ്ങാടിയിൽ വച്ച് തെരുവ് നായകൾ ആക്രമിക്കാനായി ഓടിച്ചു. ഈ സമയം ഇതുവഴി വന്ന വ്യക്തിയുടെ അവസരോചിതമായ ഇടപെടലാണ് തെരുവുനായകളുടെ ആക്രമണത്തിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത്.
കോടഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ഇപ്പോൾ തെരുവുനായകളുടെ എണ്ണം വർധിച്ചുവരികയാണ്.ഇത് ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നു.
പള്ളിയിലേക്ക് വരുന്ന വിശ്വാസികൾക്കും കാൽനടയാത്രക്കാർക്കും വഴി നടക്കാൻ സാധിക്കാത്ത വിധം ഭീതിജനകമായ അവസ്ഥയാണ് നിലവിലുള്ളത് കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷ മുൻനിർത്തി അടിയന്തര ഇടപെടൽ അത്യന്താപേക്ഷിതമാണെന്നും പരാതിയിൽ പറയുന്നു.
മാംസ്യ കച്ചവടക്കാരായ ചില വ്യാപാരികൾ തെരുവ് നായ്ക്കൾക്ക് മാംസ്യത്തിന്റെ വേസ്റ്റ് നൽകുന്നത് അങ്ങാടിയിൽ തെരുവ് നായ ശല്യം കൂടി വരുന്നതിന് മുഖ്യ കാരണമാണ്. സുപ്രീംകോടതിയുടെ ഉത്തരവു മുൻനിർത്തി പഞ്ചായത്ത് വേണ്ട നടപടികൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പഞ്ചായത്തിൽ നായ്ക്കളെ വളർത്തുന്ന ഭൂരിഭാഗം പേരും നായ്ക്കളെ വളർത്താനുള്ള ലൈസൻസ് എടുക്കുകയോ കൃത്യസമയങ്ങളിൽ നായ്ക്കൾക്ക് കുത്തിവെപ്പ് നൽകുകയോ ചെയ്യുന്നില്ല. വളർത്തുന്ന നായ്ക്കളെ അഴിച്ചുവിട്ടു വളർത്തുന്നതിനാൽ അവ വീടുവിട്ടിറങ്ങി തെരുവ് നായകൾ ആകുന്നു. ഇതു തടയാൻ പഞ്ചായത്ത് ശക്തമായ നിയമനടപടികൾ സ്വീകരിക്കേണ്ടതാണ്. പഞ്ചായത്തിൽ പല വീടുകളിലും വളർത്തു നായ്ക്കളെ അഴിച്ചുവിട്ടു വളർത്തുന്നതിനാൽ വിദ്യാർത്ഥികൾക്കും പൊതു ജനങ്ങൾക്കും നായ ശല്യം ഒരു ഭീഷണിയായി മാറിയിരിക്കുകയാണ്.
Post a Comment