കൂടരഞ്ഞി : അടിയന്തര ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിന് കൈത്താങ്ങായി ആർ.ജെ.ഡി. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് നിവാസി ഷീബു മേലാഴിയുടെ ഭാര്യ അനിത ഷീബുവിന്റെ (27) ചികിത്സയ്ക്കായി പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച 61,000 രൂപയുടെ ചികിത്സാ സഹായ ഫണ്ട് കൈമാറി.
പാർട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടത്തിയ അഭ്യർഥനയെ തുടർന്ന് കേവലം 24 മണിക്കൂറിനുള്ളിലാണ് പ്രവർത്തകരും അഭ്യുദയകാംക്ഷികളും ചേർന്ന് തുക സമാഹരിച്ചത്. ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരിയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബോബി ഷിബു പൈമ്പിള്ളിലിന് ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ തുക കൈമാറി.
അനിതയുടെ ചികിത്സയ്ക്ക് തുക ആശ്വാസമാകുമെന്നും എത്രയും വേഗം പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ ആശംസിച്ചു. സഹായവുമായി എത്തിയ പാർട്ടി പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ, ചികിത്സാ സഹായ കമ്മിറ്റി കൺവീനറും വാർഡ് മെമ്പറുമായ ആദർശ് ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശ്ശേരിൽ, അംഗങ്ങളായ റോയി ആക്കേൽ, സജയ് എം.കെ., തോമസ് മാത്യു, വിനോദ് മഞ്ഞപാറ, ആർ.ജെ.ഡി. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, ജോളി പൈക്കാട്ട്, ബിജു മുണ്ടക്കൽ, ജിൻസ് അഗസ്റ്റ്യൻ, ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളായ തോമസ് മനയനാനിക്കൽ, ജോസ് പാലമുറി എന്നിവർ പങ്കെടുത്തു.
Post a Comment