Sep 23, 2026

കെ.എസ്.ആർ.ടി.സി വരുമാനക്കണക്കിൽ റെക്കോഡ് നേട്ടവുമായി തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ


തിരുവമ്പാടി: കഴിഞ്ഞ മാസത്തെ കെ.എസ്.ആർ.ടി.സി കളക്ഷൻ റവന്യൂവിൽ തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിന് മികച്ച നേട്ടം. ഓഗസ്റ്റിലെ കളക്‌ഷൻ മികവിലൂടെ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കൈവരിക്കാൻ തിരുവമ്പാടിയ്ക്ക് സാധിച്ചു. തിരുവനന്തപുരം ജില്ലയിലെ വെള്ളറട സബ് ഡിപ്പോയ്ക്കാണ് ഒന്നാം സ്ഥാനം.

കഴിഞ്ഞ ജൂലൈ മാസത്തിൽ തിരുവമ്പാടി ഒന്നാം സ്ഥാനത്തും താമരശ്ശേരി സബ് ഡിപ്പോ രണ്ടാമതുമായിരുന്നു. ജൂലൈ 15 മുതൽ സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ 2,28,56,564 രൂപയുടെ റെക്കോഡ് വരുമാനമാണ് തിരുവമ്പാടി യൂണിറ്റ് നേടിയത്. 10,32,210 യാത്രക്കാരാണ് ഈ കാലയളവിൽ ഇവിടെനിന്ന് യാത്ര ചെയ്തത്.

‘പ്രിയദർശിനി’ യാത്രാപദ്ധതി നടപ്പിലാക്കിയതാണ് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനവുണ്ടാക്കിയത്. ഇവിടെ ആകെയുള്ള 33 ബസുകളിൽ 30 എണ്ണവും പ്രിയദർശിനി ബസുകളാണ്. മൈസൂരു, ബത്തേരി, കണ്ണൂർ, ഗുരുവായൂർ, പാലക്കാട്, കോഴിക്കോട്, എറണാകുളം തുടങ്ങിയ ദീർഘദൂര സർവീസുകൾക്ക് പുറമേ മുത്തപ്പൻപുഴ, മറിപ്പുഴ, കക്കാടംപൊയിൽ, നിലമ്പൂർ, പൂവാറൻതോട് തുടങ്ങിയ മലയോര ഉൾഗ്രാമങ്ങളിലേക്കും ഇവിടെനിന്ന് സർവീസുകൾ നടത്തുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി മികച്ച ഓപ്പറേഷൻ മികവ് പുലർത്തിയ യൂണിറ്റുകളെ ആദരിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ തിരുവമ്പാടി ഓപ്പറേറ്റിങ് സെന്റർ ഇൻസ്പെക്ടർ ഇൻചാർജ് പി.എ. ഷാജു, അസി. ട്രാൻസ്പോർട്ട് ഓഫീസർ എ.കെ. സാം, ഗാരേജ് ഇൻചാർജ് സി.കെ. ഇല്യാസ് എന്നിവർ ചേർന്ന് ഗതാഗത മന്ത്രി സി.പി. ജോണിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only