ന്യൂഡല്‍ഹി: പമ്പുകളില്‍ ബള്‍ക്കായുള്ള ഡീസല്‍ വില്‍പനക്ക് നിയന്ത്രണം കൊണ്ടു വരാന്‍ പൊതുമേഖല എണ്ണകമ്പനികളും ഒരുങ്ങുന്നു. ജിയോ-ബിപി, നയാര തുടങ്ങിയ കമ്പനികള്‍ ചില പമ്പുകളില്‍ നിയന്ത്രണം കൊണ്ടു വന്നതിന് പിന്നാലെയാണ് പൊതുമേഖല കമ്പനികളും ഇത്തരത്തില്‍ നിയന്ത്രണത്തിനൊരുങ്ങുന്നത്. ഒരാള്‍ക്ക് ഒരു ദിവസം നല്‍കുന്ന ഡീസലിന്റെ അളവില്‍ പരിധി കൊണ്ടു വരാനാണ് പമ്പുകള്‍ ഒരുങ്ങുന്നത്.
ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം റീട്ടെയില്‍ പമ്പുകളിലെ ഡീസല്‍ വിലയും ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയും തമ്മില്‍ ലിറ്ററിന് 40 രൂപയുടെ വില വ്യത്യാസമുണ്ട്. ഇതോടെ ബള്‍ക്ക് ഉപഭോക്താക്കള്‍ കൂട്ടത്തോടെ റീടെയില്‍ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ തുടങ്ങി. ഇതേതുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ എണ്ണകമ്പനികള്‍ ഒരുങ്ങുന്നത്.
ജിയോ ബിപി പമ്പുകളില്‍ ഒരു ദിവസം 50 ലിറ്റര്‍ ഡീസല്‍ മാത്രമേ ഒരാള്‍ക്ക് നല്‍കു. നയാരയില്‍ ഇത് 70 മുതല്‍ 200 വരെയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ പമ്പുകളിലും ഇരുകമ്പനികളും ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. ഇതേ മാതൃക പിന്തുടരാനാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികളും ഒരുങ്ങുന്നത്.
ഫാക്ടറികള്‍, ടെലികോം കമ്പനികള്‍, ഹോട്ടലുകള്‍, മാളുകള്‍, ഡാറ്റാ സെന്ററുകള്‍, ആശുപത്രികള്‍ തുടങ്ങിയവയാണ് വലിയ തോതില്‍ ഡീസല്‍ ഉപയോഗിക്കുന്ന പ്രധാന സ്ഥാപനങ്ങള്‍. ഇവയില്‍ ചിലര്‍ ഒരേസമയം 400 മുതല്‍ 600 ലിറ്റര്‍ വരെ ഡീസല്‍ റീട്ടെയില്‍ പമ്പുകളില്‍ നിന്ന് വാങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ പമ്പുകളില്‍ ഡീസല്‍ സ്‌റ്റോക്ക് എളുപ്പം തീരാന്‍ തുടങ്ങി. തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിവിധ എണ്ണ കമ്പനികള്‍ നിര്‍ബന്ധിതരായത്.
പമ്പുകളില്‍ ആവശ്യത്തിന് ഇന്ധനം സ്‌റ്റോക്കുണ്ടെന്ന് ജിയോ-ബിപി അറിയിച്ചിട്ടുണ്ട്. അതേസമയം, ഡീസല്‍ വിതരണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് പൊതുമേഖല എണ്ണകമ്പനികളില്‍ നിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
Post a Comment