Oct 24, 2026

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം; അന്തിമ പട്ടിക ജനുവരി 4-ന്


കോഴിക്കോട് : വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള സ്പെഷ്യൽ സമ്മറി റിവിഷൻ നടപടികൾക്കായി കോഴിക്കോട് ജില്ലാ കളക്ടർ എം. എസ്. മാധവികുട്ടിയുടെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ. കെ. പ്രതീഷ് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, ബൂത്ത് പുനർക്രമീകരണം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അവതരിപ്പിച്ചു.

വോട്ടർ പട്ടിക പുതുക്കൽ തീയതികൾ:

കരട് വോട്ടർപട്ടിക: നവംബർ 12

പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 11

പരാതികൾ പരിഹരിക്കൽ: ഡിസംബർ 28

അന്തിമ വോട്ടർ പട്ടിക: 2027 ജനുവരി 4

1200-ൽ കൂടുതൽ വോട്ടർമാരുള്ള പോളിംഗ് ബൂത്തുകൾ പുനർക്രമീകരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകി. വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ രണ്ട് കിലോമീറ്ററിനുള്ളിൽ തന്നെ പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കണം. സ്വകാര്യ കെട്ടിടങ്ങളും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളും ഒഴിവാക്കി, പരമാവധി സർക്കാർ കെട്ടിടങ്ങളിൽ തന്നെ ബൂത്തുകൾ ഒരുക്കാനും നിർദ്ദേശമുണ്ട്.

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ജില്ലയിൽ പ്രത്യേക ഡ്രൈവുകൾ സംഘടിപ്പിക്കും. ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസ് മുഖേന വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം. കൂടാതെ നവംബർ 2 മുതൽ 7 വരെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് 'ക്യാമ്പസ് റ്റു ബൂത്ത്' ഡ്രൈവ് സംഘടിപ്പിക്കും. ലിറ്ററസി ക്ലബിന്റെയും എൻ.എസ്.എസ് വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ഈ ഡ്രൈവ് നടക്കുന്നത്. 2027 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാവർക്കും പേര് ചേർക്കാൻ അപേക്ഷിക്കാം. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only