കോടഞ്ചേരി : നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ 2 മക്കളിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ആക്രമണത്തിൽ പ്രതി ഉൾപ്പെടെ 3 പേർക്ക് കുത്തേറ്റു. നൂറാംതോട് സ്വദേശി ചെങ്ങനാത്ത് ജിതിൻ (29) ആണ് മരിച്ചത്. ജിതിന്റെ സഹോദരൻ ജിബിൻ (20), വട്ടച്ചിറ സ്വദേശി കക്കട്ടിൽ പട്ടർ സുരേഷ്(45) എന്നിവരെ കുത്തേറ്റ പരുക്കുകളോടെ കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുത്തേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ പ്രതി ചാമുണ്ടയിൽ കാറ്റോട്ടുമല ബിജുവിനെ (48) താമരശ്ശേരിയിലെ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാക്കി.
ഇന്നലെ വൈകിട്ട് 6.30 ആണ് സംഭവത്തിന്റെ തുടക്കം. വട്ടച്ചിറ സ്വദേശി സുരേഷിന്റെ ബൈക്ക് തകരാറായതിനെ തുടർന്ന് ജിതിന്റെ പിതാവ് ഷാജി നൂറാംതോട്ടിൽ നിന്നു സുരേഷിനെ വീട്ടിലെത്തിച്ചു. ഇതിനെച്ചൊല്ലി ബിജുവും സുരേഷും വാക്കുതർക്കം ഉണ്ടാകുകയും സുരേഷിനെ ബിജു കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തു. രക്ഷപ്പെട്ട ബിജു പിന്നീട് നൂറാംതോട്ടിലെത്തി ഷാജിയെ തിരഞ്ഞു പിടിച്ചു മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഷാജിയെ മർദിച്ചത് ചോദ്യം ചെയ്യാൻ മക്കളായ ജിതിനും ജിബിനും ബിജുവിനെ തിരക്കി ചാമുണ്ടയിലെത്തുകയായിരുന്നു. അവിടെവച്ച് മൂവരും തമ്മിൽ വഴക്കിടുകയും ബിജു ജിതിനെയും ജിബിനെയും കുത്തിപ്പരുക്കേൽപിക്കുകയുമായിരുന്നു.
കുത്തേറ്റു വീണ ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിതിനെ രക്ഷിക്കാനായില്ല. സ്ഥലത്ത് പൊലീസ് കാവലുണ്ട്.
Post a Comment