May 30, 2022

വിജയ്ബാബു ഇന്ന് നാട്ടില്‍ എത്തില്ല.


കൊച്ചി; ബലാത്സം​ഗ കേസില്‍ പ്രതിയായ വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല. വിമാനത്താവളത്തില്‍ എത്തിയാല്‍ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്.യാത്ര മാറ്റിയതായി ഹൈക്കോടതിയെ അറിയിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരി​ഗണിക്കാനിരിക്കെയാണ് നീക്കം.

വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകന്‍ കോടതിയെ അറിയിക്കും.

വിജയ് ബാബുവിന്റെ മടക്കയാത്ര ടിക്കറ്റ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു ഇതനുസരിച്ച്‌ മേയ് 30ന് മടക്കയാത്രയ്ക്കു കൊച്ചിയിലേക്കെടുത്ത വിമാന ടിക്കറ്റ് വിജയ് ബാബുവിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍, ഈ വിമാന ടിക്കറ്റ് റദ്ദാക്കിയതായി പൊലീസിന് വിവരം ലഭിച്ചു. മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള തന്ത്രമായിരുന്നു വിമാന ടിക്കറ്റെന്നാണ് നിഗമനം. ഹൈക്കോടതിയില്‍ വിമാന ടിക്കറ്റിന്റെ പകര്‍പ്പ് എത്തിച്ച ദിവസം റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിരുന്നു. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍വച്ചു തന്നെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതറിഞ്ഞാണ് ടിക്കറ്റ് റദ്ദാക്കിയതെന്നാണ് സൂചന

നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ പരാതിക്കെതിരെ ആരോപണവുമായി വിജയ് ബാബു രം​ഗത്തെത്തി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്‍റെ ആരോപണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only