മുക്കം: സൗഹൃദം നടിച്ച് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവിനെതിരെ പണം നഷ്ടപെട്ടവർ പരാതിയുമായി രംഗത്ത്. കളൻ തോട് സ്വദേശി നദീറലിയെന്ന യുവാവിനെതിരെയാണ് നിരവധി പേർ പരാതിയുമായി രംഗത്തെത്തിയത്.
മലപ്പുറം ജില്ലയിലെ പുലാമന്തോൾ സ്വദേശിനിയായ ഭിന്നശേഷിയുവതി, മുക്കം കല്ലുരുട്ടി സ്വദേശികളായ വീട്ടമ്മയും മകനും ഉൾപ്പെടെയുള്ളവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇവർ കഴിഞ്ഞ ദിവസം നദീറലിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
വികലാംഗ സംഘടനയിലൂടെ പരിചയപ്പെട്ട പുലാമന്തോൾ സ്വദേശിനിയായ ഭിന്നശേഷി യുവതിയിൽ നിന്ന് 10 ലക്ഷം തട്ടിയെടുത്തതായാണ് പരാതി. ബിസിനസ് ആവശ്യത്തിന് എന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടപ്പോൾ ബാങ്ക് ലോണെടുത്താണ് പണം നൽകിയതെന്ന് യുവതി പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായാണ് പണം നൽകിയത്. പണം തിരിച്ച് ചോദിച്ചപ്പോൾ തിരികെ തരുന്നില്ലെന്നും താൻ വീട്ടിലേക്ക് അതിക്രമിച്ച് കയറുമെന്ന് കാണിച്ച് വീട്ടിലേക്ക് കയറുന്നതിനെതിരെ കോടതിയിൽ നിന്ന് ഉത്തരവ് സമ്പാദിച്ചതായും യുവതി പറഞ്ഞു.
കഴിഞ്ഞ ദിവസം യുവാവിന്റെ വീടിന് മുന്നിലെത്തി പ്രതിഷേധിച്ച യുവതിയെ പോലീസെത്തി മാറ്റുകയായിരുന്നു. യുവതിവനിത കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
മുക്കം കല്ലുരുട്ടി സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് പണം തട്ടിയതും ഇവരുടെ മകനുമായുള്ള സൗഹൃദ ബന്ധം ഉപയോഗപ്പെടുത്തിയാണ്.
വീടും 35 സെന്റ് സ്ഥലവും മലപ്പുറം സ്വദേശിക്ക് 55 ലക്ഷം രൂപക്കാണ് വിൽപന നടത്തിയത്. ഇതിൽ 15 ലക്ഷം രജിസ്ട്രേഷൻ സമയത്ത് ലഭിച്ചു.
ബാക്കി 40 ലക്ഷം രൂപ നദീറലി വാങ്ങിയതായും ഇവർ പറയുന്നു. നദീറലിക്ക് തന്റെ മകനുമായി അടുത്ത ബന്ധമാണന്നും ഇതുപയോഗപ്പെടുത്തിയാണ് പണം കൈക്കലാക്കിയതെന്നും വീട്ടമ്മയും പറഞ്ഞു. ഇവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മലപ്പുറത്ത് തിയേറ്റർ നിർമ്മിക്കാനെന്ന് പറഞ്ഞ് മറ്റു നിരവധി പേരിൽ നിന്നും പണം തട്ടിയതായും പരാതിയുണ്ട്.അതിനിടെ നദീറലിയുടെ സുഹൃത്തും സംഭവങ്ങളിലെ ഇടനിലക്കാരുമായ കളൻതോടിലെ പ്രമുഖ വ്യക്തിക്കെതിരേയും പരാതികൾ ഉയരുന്നുണ്ട്.
Post a Comment