തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഏറെ കാത്തിരുന്ന അഭിമാന പദ്ധതിയായ കെ-ഫോൺ ഇന്റർനെറ്റ് കണക്ഷനുകൾ വീടുകളിലേക്ക് എത്തുന്നു. ആദ്യഘട്ടത്തിൽ ഒരോ നിയോജകമണ്ഡലത്തിലും 500 ബി.പി.എൽ കുടുംബങ്ങൾക്കാണ് സൗജന്യ ഇന്റർനെറ്റ് കണക്ഷനുകൾ എത്തുക. ഇത് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവനദാതാക്കൾക്കും കെെമാറിയാകും പദ്ധതി നടപ്പിലാക്കുക. ദിനേന ഒന്നര ജിബി ഡാറ്റയാണ് ഓരോ വീടുകളിലേക്കും അനുവദിച്ചിരിക്കുന്നത്. സെക്കന്റിൽ 10 മുതൽ 15 വരെ എം.ബി വരെയാകും വേഗത.
കെ-ഫോണുമായി ബന്ധപ്പെട്ട പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളാണ് ബി.പി.എൽ കുടുംബങ്ങളിലേക്ക് ഇൻർനെറ്റ് കണക്ഷൻ എത്തിക്കുക. ഓരോ ജില്ലയിലും ടെൻഡർ അടിസ്ഥാനത്തിൽ സേവനദാതാക്കളെ കണ്ടെത്താനാണ് ശ്രമം. അതിനായി മൂന്നു വർഷത്തിലേറെയായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നവരെയാകും പരിഗണിക്കുക.
പൗരന്റെ അടിസ്ഥാന അവകാശമായി ഇന്റർനെറ്റിനെ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഇതിന്റെ ഭാഗമായാണ് 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് എത്തിക്കാനായി കെ-ഫോൺ പദ്ധതി ബജറ്റിലൂടെ പ്രഖ്യാപിക്കുന്നതും. വമ്പൻ കേബിളുകൾ വെെദ്യുതി തൂണുകൾ വഴി ബന്ധിപ്പിച്ച് 2,600 കിലോമീറ്റർ ദൂരമാണ് കെ-ഫോൺ പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 2,045 കിലോമീറ്റർ ദൂരം കേബിൾ സ്ഥാപിച്ചു കഴിഞ്ഞതായാണ് സർക്കാർ വിശദീകരണം. ഇതോടെ എല്ലാ ജില്ലകളിലും കെ-ഫോൺ ലഭ്യമാകും.
Post a Comment