ദുബായ് ∙ ഇറാനിലുണ്ടായ ഇരട്ട ഭൂകമ്പത്തിന്റെ പ്രകമ്പനം യുഎഇ, സൗദി, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിൽ ശക്തമായി അനുഭവപ്പെട്ടു. എന്നാൽ, എവിടെയും അപകടമോ നാശനഷ്ടമോ റിപ്പോർട് ചെയ്തിട്ടില്ല.
പുലർച്ചെ 1.32നും 3.24നുമുണ്ടായ ഭൂകമ്പങ്ങളുടെ പ്രകമ്പനമാണ് യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ അനുഭവപ്പെട്ടത്. ഇന്ന് (ശനി) പുലർച്ചെ തെക്കൻ ഇറാനിൽ 6.3, തുടർന്ന് 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ശക്തമായി അനുഭവപ്പെട്ടത്. പുലർച്ചെ 1.32ന് ഇറാനിലെ ബന്ദർ ഖമീറിന് സമീപമാണ് ഭൂചലനം ഉണ്ടായതെന്ന് യുഎഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ദുബായിൽ പല ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഉറക്കത്തിലായിരുന്ന തങ്ങൾ ശക്തമായ വിറയൽ അനുഭവപ്പെട്ടതോടെ ഞെട്ടിയെണീക്കുകയായിരുന്നുവെന്ന് മുഹൈസിന 4ൽ താമസിക്കുന്ന അഡ്വ.ഷാജഹാൻ, ഫഹദ് സാലിഹ് എന്നിവർ പറഞ്ഞു.
ഇതോടെ ഇവരുടെ ഉറക്കവും നഷ്ടമായി. പലരും താമസിച്ചിരുന്ന കെട്ടിടം വിട്ട് പുറത്തിറങ്ങി. കുടുംബങ്ങൾ പാർക്കുകളിൽ അഭയം തേടി. ഷാർജ റോളയിലും മറ്റും താമസിച്ചിരുന്നവർ തെരുവിൽ കൂടി നിന്നു. തുടർന്ന് 3.24ന് വീണ്ടും പ്രകമ്പനമുണ്ടായതോടെ രാവിലെ വരെ പലരും ഉറക്കമിളച്ചിരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില് വൈകാതെ പലരും തങ്ങളുടെ അനുഭവം പങ്കിട്ടു. ഇറാനിലെ ഭൂകമ്പത്തിൽ 5 പേർ മരിക്കുകയും 12 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു
Post a Comment