കോഴിക്കോട് : സ്‌കൂൾ സമയം രാവിലെ 8 മുതൽ ഒന്നു വരെയാക്കാനുള്ള ശുപാർശ മുസ്‌ലിം വിദ്യാർഥികളുടെ മതപഠനത്തിന് തടസ്സം ഉണ്ടാക്കുമെന്നും എല്ലാം മുസ്‌ലിം സംഘടനകളും ഇതിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുൻപും ഇത്തരം നീക്കങ്ങൾ ഉണ്ടായപ്പോൾ ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂൾ സമയം മാറ്റാനുള്ള ഖാദർ കമ്മിറ്റി ശുപാർശ സർക്കാർ തള്ളണമെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരും പറഞ്ഞു.
ഖാദർ കമ്മിറ്റി ശുപാർശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസല്യാർ എന്നിവർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കേരളത്തിൽ തുടർന്നുവരുന്ന പഠനസമയത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു.
മത സംഘടനകളുമായി ചർച്ച ചെയ്യണമെന്ന് ലീഗ്
മലപ്പുറം ∙ സ്കൂൾ സമയമാറ്റം വർഷങ്ങളായി കേരളത്തിൽ തുടരുന്ന മദ്രസ വിദ്യാഭ്യാസത്തെ തകർക്കുമെന്നതിനാൽ വിഷയത്തിൽ മത സംഘടനകളുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് മുസ്‌ലിം ലീഗ്. ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റി കൂടുന്നത് പരിഗണനയിലുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.
തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എം.ടി.രമേശ്
കോഴിക്കോട് ∙ സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടതു മതസംഘടനകളല്ലെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി എം.ടി.രമേശ്. മതവിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്ന വാദം തെറ്റാണ്. വിദ്യാർഥികൾക്കു ഗുണകരമായ സമയക്രമമാണ് വേണ്ടത് – എം.ടി.രമേശ് പറഞ്ഞു.
Post a Comment