മുക്കം:ദിവസവും മുടിവെട്ടി,താടിവടിച്ച ശേഷമാണു കാരശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സത്യൻ മുണ്ടയിൽ പഞ്ചായത്ത് ഓഫീസിലെത്തുക.
ദിവസവും വെട്ടാൻ മാത്രം താടിയും മുടിയും സത്യനില്ല താനും.അദ്ഭുതപ്പെടേണ്ട. വാർഡിലെ രോഗികളുടെയും പ്രായമായവരുടെയും കുട്ടികളുടെയും കട്ടിങ്ങും ഷേവിങ്ങുമാണ് മെംബർ ചെയ്യുന്നത്. അതും അവരവരുടെ വീടുകളിലെത്തി സൗജന്യമായി ചെയ്തു കൊടുക്കുന്നു. വർഷങ്ങളായി തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സേവനം.
കോൺഗ്രസ് മുക്കം ബ്ലോക്ക് ജനറൽ സെക്രട്ടറിയായ സത്യൻ ‘ജന്മം കൊണ്ടോ കർമം കൊണ്ടോ' ബാർബറായതല്ല._ _കാരശ്ശേരി സഹകരണ ബാങ്കിൽ കലക്ഷൻ ഏജന്റായിരുന്ന കാലത്ത് ഒഴിവു സമയങ്ങളിൽ ആനയാംകുന്നിലെ സുഹൃത്തിന്റെ ബാർബർ ഷോപ്പിൽ നിന്നാണു മുടിവെട്ടു പഠിച്ചത്.
കഴിഞ്ഞ യുഡിഎഫ് ഭരണത്തിൽ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പഴ്സനൽ സ്റ്റാഫിലായിരിക്കെ തിരുവനന്തപുരത്ത് സഹപ്രവർകർക്കും സുഹൃത്തുക്കൾക്കും മുടി വെട്ടിക്കൊടുത്തിരുന്നു.നാട്ടിലെ രോഗികൾക്കും പ്രായം ചെന്നവർക്കും കുട്ടികൾക്കും മുടി വെട്ടികൊടുക്കാൻ വീട്ടിൽ കറങ്ങുന്ന കസേര' ഉൾപ്പെടെ സജ്ജീകരിച്ചാണു സൗജന്യ സേവനം തുടങ്ങിയത്. പിന്നെപ്പിന്നെ ആവശ്യക്കാർക്ക് അവരവരുടെ വീടുകളിലെത്തി സേവനം നൽകി തുടങ്ങി.


Post a Comment