ഓമശ്ശേരി :ഓമശേരിയിൽ വയോധികയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാലയുമായി കടന്ന യുവാവ് മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കൂടരഞ്ഞി കൂമ്പാറ ബസാർ സ്വദേശി ജിതിൻ ടോമിയാണ് (കിഴക്കരക്കാട്ട് ജിത്തു 21) കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. താഴെ ഓമശേരി
ആമ്പക്കുന്നുമ്മൽ തനിച്ച് താമസിക്കുന്ന മീനാക്ഷിയെന്ന വയോധികയുടെ വീട്ടിലെത്തിയ പ്രതി വാതിലിൽ മുട്ടുകയും, വാതിൽ തുറന്ന ഉടനെ വയോധികയെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. തുടർന്ന് 2000 രൂപയും 2 പവന്റെ മാലയും കവർന്ന് ഓടി രക്ഷപ്പെട്ടു. വയോധികയുടെ നീക്കങ്ങൾ മുൻകൂട്ടി മനസിലാക്കി പിന്തുടർന്നാണ് പ്രതി കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കോടഞ്ചേരിയിൽ നിന്ന് ജിതിനെ പിടികൂടുകയായിരുന്നു. മോഷണം പോയ തുകയും മാലയും കണ്ടെടുത്തു.
കൊടുവള്ളി ഇൻസ്പെക്ടർ പി.ചന്ദ്രമോഹന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കര, എസ്ഐമാരായ പി.പ്രകാശൻ, ബിജുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ബിനേഷ്, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Post a Comment