Feb 15, 2023

മലയോര ഹൈവേ: മേലെകൂമ്പാറ-താഴെ കക്കാട് റീച്ച് ഒഴിവാക്കിയതിനെതിരെ പ്രതിഷേധം



കൂടരഞ്ഞി: മലയോര ഹൈവേ നിർമാണം അന്തിമ ഘട്ടത്തിലെത്തിനിൽക്കെ കൂടരഞ്ഞി പഞ്ചായത്തിലെ മേലേ കൂമ്പാറ-താഴെ കക്കാട് റീച്ച് ഒഴിവാക്കി.


7.2 കിലോമീറ്റർ നീളമുള്ള ആനക്കല്ലുംപാറ-അകമ്പുഴ-താഴെ കക്കാട് റോഡ് ഗ്രാമീണറോഡായി തുടരും.
ചെങ്കുത്തായ കുന്നിൻമണ്ടയിലൂടെ കടന്നുപോകുന്ന റോഡ് വികസിപ്പിക്കുന്നതിന്‌ അധികബാധ്യത ചൂണ്ടിക്കാട്ടിയാണ് കിഫ്ബി അവസാനനിമിഷം ഇവിടെ അലൈൻമെന്റ് തയ്യാറാക്കാതെ പിന്മാറിയത് എന്നാണാക്ഷേപം. രണ്ട്‌ പാലങ്ങളും 20-ഓളം കലുങ്കുകളും ഉൾപ്പെടെ ആവശ്യമായിവരും ഈ റീച്ചിന്.അതേസമയം, ഈ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനായി 26.5 കോടിയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി കെ.ആർ.എഫ്.ബി. എ.ഇ. പി. എം. അബ്ദുൽ വഹാബ് പറഞ്ഞു. റോഡിന്റെ പുനരുദ്ധാരണ ചുമതല പഞ്ചായത്തിന് നൽകാനാണ് കൂടുതൽ സാധ്യത.

12 മീറ്റർ വീതിയിൽ ബി.എം. ആൻഡ് ബി.സി. നിലവാരത്തിലുള്ള റോഡിന് പകരം ഇവിടെമാത്രം വീതി കുറഞ്ഞ ഗ്രാമീണറോഡായി പരിമിതപ്പെടുത്തിയത് പ്രദേശവാസികൾക്കിടയിൽ പ്രതിഷേധമുയർത്തിയിട്ടുണ്ട്.
ഒട്ടേറെ കർഷകകുടുംബങ്ങൾ ഉള്ള പ്രദേശമാണിത്. ചുള്ളിയകം ആദിവാസി കോളനി, അകമ്പുഴ കണ്ടിലംപാറ ആദിവാസി കോളനിവാസികൾക്കും ആശ്വാസമാകുന്ന റോഡാണ് ഒഴുവാക്കപ്പെട്ടിരിക്കുന്നത്.

കുത്തനെയുള്ള പ്രദേശമായതിനാലുള്ള അമിത ചെലവിന് പുറമെ, ജനവാസം താരതമ്യേന കുറവാണെന്നതും ഈ റീച്ച് ഒഴിവാക്കാൻ കാരണമായതായി ബന്ധപ്പെട്ട അധികൃതർ പറയുന്നു. ഒട്ടേറെ വീടുകൾ ആൾത്താമസമില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. അതേസമയം, താഴെ കക്കാടിന് താഴെ കേവലം 170 മീറ്റർ ദൈർഘ്യത്തിൽ മലയോരഹൈവേയുടെ ഭാഗമായി കഴിഞ്ഞദിവസം കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only