May 11, 2024

സൈബർ കുറ്റകൃത്യങ്ങള്‍: രാജ്യത്തെ 28,200 മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര നിർദേശം


റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റർമാരോട് സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദ്ദേശം. 20 ലക്ഷം മൊബൈൽ കണക്ഷനുകൾ അടിയന്തരമായി പുനഃപരിശോധിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഉൾപ്പെട്ടവരുടെ ടെലികോം ദുരുപയോഗം തടയാൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, ആഭ്യന്തര മന്ത്രാലയം, സംസ്ഥാന പോലീസ് എന്നിവരുടെ സംയുക്ത പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർദേശം. തട്ടിപ്പുകാരുടെ ശൃംഖലകൾ തകർക്കാനും ഡിജിറ്റൽ ഭീഷണികളിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാനും ലക്ഷ്യമിടുന്നുവെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു
സൈബർ കുറ്റകൃത്യങ്ങളിൽ 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ദുരുപയോഗം ചെയ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പോലീസും നടത്തിയ വിശകലനത്തിൽ കണ്ടെത്തിയിരുന്നു. ഈ മൊബൈൽ ഹാൻഡ്‌സെറ്റുകളിൽ 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് ടെലികോം കമ്പനികളോട് പുനഃപരിശോധനയ്ക്കാനും ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാനും ഉത്തരവിട്ടത്. സംശയാസ്പദമായ 10,834 മൊബൈൽ നമ്പറുകളും ടെലികോം വകുപ്പ് ഫ്ലാഗ് ചെയ്തിട്ടുണ്ട്.

ടെലികോം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനായി 2024 മാർച്ചിൽ ആഭ്യന്തര മന്ത്രാലയം 'ചക്ഷു പോർട്ടൽ' ആരംഭിച്ചിരുന്നു. അതിനുശേഷം, ഫിഷിങ് (സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാനുള്ള ശ്രമം) എസ്എംഎസുകൾ അയയ്‌ക്കുന്ന 52 സ്ഥാപനങ്ങളെ വകുപ്പ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാജ്യത്തുടനീളമുള്ള 348 മൊബൈൽ ഹാൻഡ്‌സെറ്റുകൾ അതിന്റെ ഭാഗമായി ബ്ലോക്ക് ചെയ്യുകയും 10,834 സംശയാസ്പദമായ മൊബൈൽ നമ്പറുകൾ വീണ്ടും പരിശോധിക്കുന്നതിനായി ഫ്ലാഗ് ചെയ്യുകയും ചെയ്തിരുന്നു.
കൂടാതെ, സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ അല്ലെങ്കിൽ വ്യാജമായ രേഖകൾ ഉപയോഗിച്ചെടുത്ത മൊബൈൽ കണക്ഷനുകൾ എന്നിവ ചൂണ്ടിക്കാട്ടി 1.58 ലക്ഷം അദ്വിതീയ മൊബൈൽ ഐഡൻ്റിഫിക്കേഷൻ നമ്പറുകൾ തടയുകയും ചെയ്തു. 2024 ഏപ്രിൽ 30 വരെ 1.66 കോടി മൊബൈൽ കണക്ഷനുകൾ ടെലികോം മന്ത്രാലയം വിച്ഛേദിച്ചിരുന്നു. ഇതിൽ 30.14 ലക്ഷം കണക്ഷനുകൾ ഉപയോക്താക്കളുടെ ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയും 53.78 ലക്ഷം കണക്ഷനുകൾ ഒരാൾക്ക് എടുക്കാൻ കഴിയുന്ന സിം കാർഡ് പരിധി ലംഘിച്ചതിനുമാണ് തടഞ്ഞത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only