Aug 8, 2024

നൂറു വർഷം മുമ്പ് മൂന്നാർ


നൂറു വർഷം മുമ്പ് 1924, ഇതുപോലൊരു ജൂലൈ മാസം -
ഇന്നു നമ്മൾ കാണുന്ന മൂന്നാറായിരുന്നില്ല അത്.. ഏതോ യൂറോപ്യൻ ഗ്രാമത്തിൻ്റെ ചാരുതയുള്ള, അക്കാലത്തെ ഏറ്റവും വരേണ്യവും ആധുനികവുമായ പട്ടണമായിരുന്നു. ഒരു നൂറ്റാണ്ടിനുമുമ്പേ അതിൻ്റെ ചുറ്റുവട്ടത്തുകൂടെ തീവണ്ടി ഓടി.! കുന്നുകളിലൂടെ വലിച്ചുകെട്ടിയ റോപ്‌വേയിൽ തേയില ബണ്ടിലുകൾ നീങ്ങിയ കേബിൾ കാറുകൾ. ആഡംബര ബംഗ്ലാവുകളും കടൽ കടന്നുവന്ന മോട്ടോർ കാറുകളും ആ മലമുകളിൽ നിറയുമ്പോൾ കേരളം അന്നും സാമൂഹികമായി രണ്ടു നൂറ്റാണ്ടെങ്കിലും പിറകിലായിരുന്നു. ബ്രിട്ടീഷുകാരിലെ എലൈറ്റുകൾക്ക് മദ്രാസിലെയും ട്രാവൻകൂറിലെയും ചൂടുനിറഞ്ഞ കാലാവസ്ഥയിൽ നിന്നും രക്ഷപെടാനും, യൂറോപ്പിലെ തങ്ങളുടെ നാടിൻ്റെ ഭംഗിയും തണുപ്പും ഗൃഹാതുരത്വവും അനുഭവിക്കാനും പടുത്തുയർത്തിയ മൂന്നാറിനെ അതിനൊക്കെയും മുകളിൽ അനശ്വരതയിലേക്കുയർത്തുന്ന വേറെയും എന്തൊക്കെയോ ഉണ്ടായിരുന്നു.

'സ്കോട്ലൻ്റിൻ്റെ ഭൂപ്രകൃതിയെ അനുസ്മരിപ്പിക്കുന്ന കുന്നിൻചെരിവുകളായിരുന്നു ഇതെന്ന്' ഡഗ്ലസ് ഹാമിൽട്ടൺ എഴുതി. സംഗീതം പോലെയൊഴുകിവരുന്ന മുതിരപ്പുഴയാർ മറ്റു രണ്ട് നദികളോടു ചേരുന്നിടത്ത് മൂന്നാറെന്ന പേരിന് ഉറവയെടുക്കുന്നു. ഈ താഴ്‌വര ഇംഗ്ലീഷുകാർക്ക് ശരിക്കുമൊരു വെല്ലുവിളിയായിരുന്നിരിക്കണം, പ്രകൃതിയോടും വന്യജീവികളോടും പോരടിച്ചുനേടിയ മണ്ണിൽ വിക്ടോറിയൻ ശൈലിയിലൊരു പട്ടണമുണ്ടാക്കിയെടുക്കാൻ അവർക്കു നേരിട്ട പ്രയാസം ചില്ലറയൊന്നുമല്ല. അതിൻ്റെയൊക്കെ മൂകസാക്ഷിയായി, അറിയപ്പെടാതെ പോയൊരു അനശ്വര പ്രണയത്തിൻ്റെ തണലിൽ ഇളകൊള്ളുന്ന പഴയ പള്ളിയും മേടയും ഇപ്പോഴും ശേഷിക്കുന്നുണ്ട്. ബിർമിങ്ഹാമിലെ ഫാക്ടറികളിൽ നിർമ്മിച്ച് കപ്പലിൽ കൊണ്ടുവന്ന തീവണ്ടി എഞ്ചിനുകളെ ഒരു നൂറ്റാണ്ടുമുമ്പ് ഇരുമ്പുവടത്തിൽ വലിച്ചുകയറ്റി ഈ മലമുകളിലെത്തിച്ച പ്രയത്നം ഇന്നും അത്ഭുതപ്പെടുത്തും. ഹാരി പോട്ടറിലെ മാന്ത്രിക ലോകത്തുനിന്നും ഇറങ്ങിവന്നതു പോലൊരു തീവണ്ടി ചൂളം വിളിച്ച് മൂന്നാർ സ്റ്റേഷനുമുന്നിൽ നിൽക്കുന്ന ഫ്രെയിം എനിക്ക് മനസ്സിൽ സങ്കൽപ്പിക്കാനാവുന്നുണ്ട്. അതെല്ലാം ഒരൊറ്റ രാത്രി കൊണ്ട് മാറിമറിയാൻ പോകുന്ന ചരിത്രമാണെന്ന് അന്നാരറിഞ്ഞു..?!

നൂറുവർഷം മുമ്പ് കാലത്തിൻ്റെ ഫ്രെയ്മിൽ നിന്നും അതിനെയെല്ലാം മായ്ച്ചുകളഞ്ഞ ആ ഒരു രാത്രി, 1924 ജൂലൈ 28... പതിനാറ് ദിവസങ്ങളിലായി നിർത്താതെ പെയ്തുകൊണ്ടിരുന്ന മഴ അന്നായിരുന്നു മൂർധന്യത്തിലെത്തിയത്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കല്ലും മണ്ണും മരങ്ങളും ഇന്ന് മാട്ടുപ്പെട്ടിയെന്ന് വിളിക്കുന്ന മലയിടുക്കിൽ അടിഞ്ഞുകൂടിയെന്നോ തനിയേ ഒരണക്കെട്ടായി മാറിയെന്നോ മൂന്നാറിലുള്ള മനുഷ്യരറിഞ്ഞില്ല. അവിടുത്തെ ഏറ്റവും പ്രധാന ഇടം പട്ടണത്തിൻ്റെ സെൻ്റർ പ്ലാസയായിരുന്നു. റെയിൽവേ സ്റ്റേഷൻ ബിൽഡിംഗും ഡിപ്പാർട്മെൻ്റ് സ്‌റ്റോറുകളും ടെലഫോൺ/വയർലെസ് കേന്ദ്രങ്ങളും തേയില കമ്പനികളുടെ ആസ്ഥാനങ്ങളുമൊക്കെയായി എപ്പോഴും തിരക്ക് അനുഭവപ്പെടുന്ന നഗരമധ്യം. തുടർന്നുകൊണ്ടേയിരിക്കുന്ന മഴ കൂടുതൽ ശക്തിപ്രാപിക്കുകയാണെന്നും, പട്ടണത്തേക്കും തോട്ടങ്ങളിലേക്കും ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പു സന്ദേശങ്ങൾ പരന്നതോടെ ദിവസങ്ങളായി നഗരം വിജനമാണ്. പേടിച്ചരണ്ട വന്യജീവികൾ ഇതിനോടകം കാടിറങ്ങി തേയിലത്തോട്ടങ്ങളിൽ അഭയം തേടിയിരുന്നു.

ജൂലൈ 28 ൻ്റെ രാത്രിയിൽ പതിവിനേക്കാൾ കനത്ത മഴയാണ് ഹൈറേഞ്ചിലെങ്ങും പെയ്തത്. പുറത്തേക്കൊന്ന് നോക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ മഴയും തണുപ്പും പടര്‍ന്ന അന്ന് ജനങ്ങളെല്ലാം തങ്ങളുടെ വീടുകൾക്കുള്ളിലും മുറികളിലേക്കും ഒതുങ്ങി. ഒരണുബോംബ് പോലെ പ്രകൃതിയുണ്ടാക്കിയ അണക്കെട്ടും അതിൽ ഭീമൻ തടാകം കണക്കെ കെട്ടിനിർത്തിയ വെള്ളവും തലയ്ക്കുമീതെ നിൽക്കുന്നതറിയാതെയായിരുന്നു ആ മനുഷ്യജീവനുകൾ ഉറങ്ങിയത്, ഇനിയൊരിക്കലും ഉണരാത്ത നിത്യനിദ്രയിലേക്ക്.... അർധരാത്രിയിൽ കോരിച്ചൊരിയുന്ന മഴയത്ത് വെള്ളം താങ്ങാനാവാതെ ആ അണക്കെട്ട് പൊട്ടി, കുത്തിയൊലിച്ചു വന്ന വെള്ളത്തിന് മൂന്നാറിൻ്റെ അസ്ഥിവാരം വരെ ഒഴുക്കിക്കൊണ്ടു പോകാനുള്ള കരുത്തുണ്ടായിരുന്നു. ഭൂമി കുലുങ്ങി, പാലങ്ങൾ കടപുഴകി വീണു, ബംഗ്ലാവുകളും ഫാക്ടറികളും റെയിൽവേ സ്റ്റേഷനും മുങ്ങി, ഒഴുക്കിൻ്റെ ശക്തിയിൽ തീവണ്ടി എഞ്ചിനുകൾ വരെ ഒലിച്ചുപോയി..! ഉയർന്നയിടത്ത് കഴിഞ്ഞവർക്കു മാത്രമായിരുന്നു ജീവൻ ബാക്കിയായത്. വഴികളും ഗതാഗതവും വീടും നഷ്ടപ്പെട്ട് പുറംലോകവുമായി ബന്ധം തന്നെ അറ്റുപോയ അവരെ വീണ്ടും പട്ടിണിയും രോഗവും കൂടെ വലച്ചു. ഒടുവിൽ ആഴ്ചകൾക്കുശേഷം വെള്ളമിറങ്ങിയപ്പോൾ ശരിക്കുമൊരു പ്രേതനഗരമായി മൂന്നാർ മാറിക്കഴിഞ്ഞിരുന്നു....

അന്ന് കൊല്ലപ്പെട്ടവർക്കോ കാണാതായവർക്കോ ഇപ്പോഴും കൃത്യമായ എണ്ണമില്ല. ആ തകർച്ചയിൽ നിന്നും മൂന്നാർ കരകയറിയതുമില്ല. ഇച്ഛാശക്തരായിരുന്ന ഒരുപറ്റം മനുഷ്യർ തങ്ങളുണ്ടാക്കിയെടുത്ത സ്വപ്നലോകത്തെയും കൊണ്ടായിരുന്നു മണ്ണിനടിയിലേക്കു പോയത്.! അവിടെ നഷ്ടപ്പെട്ടതൊന്നും പുനർസൃഷ്ടിക്കാനോ മൂന്നാറിനെ തിരിച്ചുകൊണ്ടുവരാനോ ആർക്കും കഴിഞ്ഞില്ല. ഇന്നും നമ്മൾ മൂന്നാറെന്നു വിളിച്ച് ചെല്ലുന്നത് പണ്ട് യഥാർത്ഥ നഗരം നിന്നയിടത്തുനിന്നും ഏതാനും കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ആധുനിക നഗരത്തിലേക്കാണ്. എങ്കിലും മുതിരപ്പുഴയാറിൻ്റെ തീരത്തുകൂടൊന്ന് നടന്നാൽ പഴയ നഷ്ടകാലത്തിൻ്റെ സാക്ഷിയായി വിരലിലെണ്ണാവുന്ന ചില നിർമ്മിതികളെങ്കിലും ശേഷിച്ചതു കാണാം.

കടപ്പാട്.@anjana anu my own way

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only