Jan 30, 2025

പോക്‌സോ കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ ഗൗരവമര്‍ഹിക്കുന്ന വിഷയം- സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍


കോഴിക്കോട്:സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പോക്‌സോ കേസുകളില്‍ പ്രതിയും ഇരയും തമ്മിലുള്ള ഒത്തുതീര്‍പ്പുകള്‍ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ അഡ്വ. കെ വി മനോജ് കുമാര്‍ പറഞ്ഞു. പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ ബാഹ്യസമ്മര്‍ദങ്ങള്‍ കാരണം മൊഴിമാറ്റിപ്പറയുന്നത് കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചേര്‍ന്ന് വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ച് ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷന്‍. കുട്ടികള്‍ക്കിടയിലെ മയക്കുമരുന്നുപയോഗം തടയുന്നതിനും മയക്കുമരുന്ന് ലഭ്യത ഇല്ലാതാക്കുന്നതിനും വിവിധ വകുപ്പുകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. കൂട്ടികളുടെ ക്ഷേമം ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ ഇടയില്‍ സ്‌കൂള്‍ പഠനം പൂര്‍ണമായും ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായാണ് വിദ്യാഭ്യസ വകുപ്പിന്റെ കണക്ക്. ഇത് നല്ല സൂചനയാണെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. സ്‌കൂളുകളില്‍ പോക്‌സോ നിയമം, മയക്കുമരുന്നുപയോഗം തുടങ്ങി വിഷയങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിലും വിവിധ വകുപ്പുകളുടെ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കന്‍ വിവിധ വകുപ്പ് മേധാവികളോട് കമ്മീഷന്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ബാലാവകാശ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 182 പോക്‌സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 109 കേസുകള്‍ തീര്‍പ്പാക്കിയതായി പോലീസ് അറിയിച്ചു. പോക്‌സോ കേസുകളുടെ ഹിയറിംഗ് വേളയില്‍ ഇരയ്ക്ക് പീഡകരെ അഭിമുഖീകരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്ന കാര്യം പരിഗണിക്കണെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പോലീസ് വകുപ്പിന്റെ ഹോപ്പ് പദ്ധതിയിലൂടെ 132 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതായി പോലീസ് അറിയിച്ചു. ഇതില്‍ നാല് കുട്ടികള്‍ക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നു. നാല് കുട്ടികള്‍ക്ക് മൊബൈല്‍ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്നു. 20 കുട്ടികള്‍ക്ക് ലാപ്‌ടോപ് പരിശീലനവും നല്‍കുന്നു.

കുട്ടികള്‍ക്കിടയിലെ ബോധവത്കരണത്തിനൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് പേരന്റിംഗ് പരിശീലനമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റം കുട്ടികളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഉചിതമായി കൈകാര്യം ചെയ്യാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും അഭിപ്രായമുയര്‍ന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലയില്‍ പ്രത്യേക സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ല. ഇത്തരം പ്രശ്‌നം അഭിമുഖീരിക്കുന്ന കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ മറ്റു കുട്ടികള്‍ക്കൊപ്പമാണ് കഴിയുന്നത്. ഇതു ഇരുവിഭാഗക്കാര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി യോഗം ചര്‍ച്ച ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി പ്രത്യേക സ്ഥാപനം ആവശ്യമാണെന്നും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി.

യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചയ്ക്കുശേഷം സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് അധ്യക്ഷന്‍ പറഞ്ഞു. കമ്മീഷന്‍ അംഗം ബി മോഹന്‍കുമാര്‍, പോലീസ്, എക്‌സൈസ്, വിദ്യാഭ്യാസം, വനിതാ ശിശുക്ഷേമം, ആരോഗ്യം, സാമൂഹ്യ നീതി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഫിഷറീസ്, ചൈല്‍ഡ് ലൈന്‍ തുടങ്ങി വകുപ്പുതല ഉദ്യോഗസ്ഥര്‍, വിവിധ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only