കുപ്പായക്കോട്: ഛത്തീസ്ഗഡിൽ സിസ്റ്റർമാരായ വന്ദന ഫ്രാൻസിസിനെയും പ്രീതി മേരിയെയും ജയിലിൽ അടച്ച ബിജെപി സർക്കാരിൻറെ നടപടി തികച്ചും ജനാധിപത്യവിരുദ്ധവും പൗരാവകാശ ലംഘനവും ആണെന്ന് കുപ്പായക്കോട് ഇടവക പൗരസമിതി വിലയിരുത്തി. നാടിൻ്റെ നന്മയ്ക്കുവേണ്ടിയും പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടിയും സ്വന്തം നാടും വീടും മറന്ന് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സന്യാസിമാരെ യാതൊരു നീതിബോധവും ഇല്ലാതെ ജയിലിൽ അടച്ച പരിപാടി തികച്ചും വേദനാജനവും ജനാധിപത്യ ഇന്ത്യയ്ക്ക് തീരാത്ത കളങ്കവുമാണ്.
വർദ്ധിച്ചുവരുന്ന വർഗീയതയും വിഭാഗീയ ചിന്തകളും മൂലം ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത് . ഭാരതം ഒരു മതേതര രാജ്യമാണ്. അതിന് അർത്ഥവത്തായ ഒരു ഭരണഘടന ഉണ്ട് ഭരണഘടനാ വിരുദ്ധമായ പ്രവർത്തനങ്ങൾ വർഗീയ ശക്തികൾ നടത്തുമ്പോൾ അതിനെതിരെ ശക്തമായി നിലകൊള്ളേണ്ടത് ഏതൊരു ജനാധിപത്യ ഗവൺമെൻ്റിൻ്റെയും ഉത്തരവാദിത്വമാണ്. നാട് ഭരിക്കുന്ന ബിജെപി ഗവൺമെൻറ് ഇത്തരത്തിലുള്ള അന്യായമായ നടപടികൾ തടയുന്നതിന് ശക്തമായ നിലപാടെടുക്കുകയും ഛത്തീസ്ഗഡിലേതു പോലുള്ള കിരാത നടപടിക്ക് നേതൃത്വം നൽകിയ വർഗീയ ശക്തികളെ വേണ്ടവിധത്തിൽ ശിക്ഷിച്ചു നിരപരാധരായ സന്യാസിനികളെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കുപ്പായക്കോട് ഇടവക വികാരി ഫാദർ ജെയിംസ് കുഴിമറ്റത്തിന്റെ നേതൃത്വത്തിൽ കുപ്പായക്കോട് അങ്ങാടിയിലേക്ക് നടത്തിയ പ്രതിഷേധ റാലിയിൽ നൂറുകണക്കിന് ഇടവക വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നടന്ന യോഗത്തിൽ പുതുപ്പാടി പഞ്ചായത്ത് മെമ്പർ ഷിൻജോ തൈക്കൽ, മോളി ആന്റോ, രാജു ജോസ് ചോള്ളാ മഠത്തിൽ, ജെസ്സി വയലുങ്കൽ, സൺഡേ സ്കൂൾ അധ്യാപകരായ ജസ്റ്റിൻ, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
Post a Comment