ഫറോക്ക് താലൂക്ക് ആശുപത്രി കെട്ടിടം നാടിന് സമര്‍പ്പിക്കും
മനുഷ്യ-വന്യജീവി സംഘര്‍ഷം ജനകീയ സദസ്സില്‍ പങ്കെടുക്കും
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് (31) കോഴിക്കോട് ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ പത്തിന് ഫറോക്ക് താലൂക്ക് ആശുപത്രി കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. 11.30 ന് കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് മെമ്മോറിയല്‍ ഹാളില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം ജനകീയ സദസ്സില്‍ പങ്കെടുക്കും. പകല്‍ മൂന്നിന് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
അത്യാധുനിക സൗകര്യങ്ങളോടെ 1.70 ഏക്കര്‍ സ്ഥലത്ത് 23.5 കോടി രൂപ ചെലവഴിച്ച് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയമാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. 47,806 ചതുരശ്ര അടി വിസ്തൃതിയില്‍ വിവിധ സ്പെഷ്യാലിറ്റികള്‍, ഓപ്പറേഷന് തിയേറ്ററുകള്‍, ലാബുകള്‍ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആശുപത്രിയില്‍ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഓക്സിജന്‍ പ്ലാന്റ്, ട്രോമാ കെയര്‍ യൂണിറ്റ്, അത്യാഹിത വിഭാഗം തുടങ്ങിയ സൗകര്യങ്ങളും പുതിയ ആശുപത്രിയുടെ ഭാഗമായുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന് എം പി, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജന് എന്‍ ഖോബ്ര ഗഡെ, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.
പൊതുജന പങ്കാളിത്തത്തോടെ മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘുകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പകല്‍ 11.30 കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ജനകീയ സദസ്സില്‍ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ മേഖലകളിലെ പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തീവ്രയജ്ഞ പരിപാടിയുടെയും മറ്റ് ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തനാരംഭം മുഖ്യമന്ത്രി പ്രഖ്യാപിക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ എന്നിവര്‍ മുഖ്യ രക്ഷാധികാരികളാകും.
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം പകല്‍ മൂന്ന് മണിക്ക് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉള്‍പ്പെടെ 8.73 കിലോമീറ്റര്‍ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിര്‍ദിഷ്ട പദ്ധതി. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ സ്ഥാപനങ്ങളാണ് കരാര്‍ ഏറ്റെടുത്തത്
പ്രവൃത്തി ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്, എസ് സി-എസ്ടി വികസനം വകുപ്പ് മന്ത്രി ഒ ആര് കേളു, പ്രിയങ്ക ഗാന്ധി എംപി, എംഎല്‍എ മാരായ ലിന്റോ ജോസഫ്, ടി സിദ്ധിഖ് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുക്കും.
Post a Comment