Aug 18, 2025

ഒരു സംസ്ഥാനം, ഇരട്ട നീതി: ടൂറിസ്റ്റ് ബസുകളെ വെള്ളയടിപ്പിച്ച സർക്കാരിന് കെ.എസ്.ആർ.ടി.സിയിൽ എന്തുമാകാം; പുതിയ ബസുകളെ വിമർശിച്ച് സോഷ്യൽ മീഡിയ


തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വാഗ്‌ദാനപ്രകാരം കേരളത്തിലേക്കെത്തിയ പുതിയ കെ.എസ്.ആർ.ടി.സി ബസുകളെ പ്രശംസിച്ചും വിമർശിച്ചും സോഷ്യൽ മീഡിയ. ദീർഘദൂര സർവീസുകൾക്ക് കാലപ്പഴക്കംചെന്ന ബസുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയിലേക്ക് എത്തിയ പുത്തൻ ബസുകൾ യാത്രക്കാർക്ക് ഏറെ സൗകര്യ ഒരുക്കും എന്നതിൽ സംശയമില്ല. എന്നാൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളയടിക്കാൻ നിർദേശിച്ച സർക്കാരിന് കെ.എസ്.ആർ.ടി.സി ബസുകൾ ഇഷ്ട്ടമുള്ള നിറത്തിൽ പുറത്തിറക്കുന്നതിൽ ഇരട്ട നീതിയല്ലേ സർക്കാരിന്റെ ഭാഗത്തു നിന്നുമുള്ളതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു.


അശോക് ലെയ്ലാൻഡ് ഷാസിയിൽ ബെംഗളൂരുവിലെ പ്രമുഖ ബോഡി നിർമാതാക്കളായ പ്രകാശ് നിർമ്മിച്ച സ്ലീപ്പർ, സീറ്റർ, സ്ലീപ്പർ കം സീറ്റർ ബസുകളുടെ വർണചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾക്കിടയാക്കിയത്. ഇത്തരം ചിത്രങ്ങൾ ടൂറിസ്റ്റ് ബസുകളിൽ പതിപ്പിച്ചപ്പോൾ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിച്ച് അപകടമുണ്ടാക്കുന്നുവെന്നായിരുന്നു ഗതാഗത വകുപ്പിന്റെ കണ്ടെത്തൽ. റോഡ് സുരക്ഷയിൽ സർക്കാരിന്റെ ഈ ഇരട്ട നിലപാട് ആക്ഷേപത്തിന് ഇടയാക്കുകയാണ്.


ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണനാണ് പുതിയ പ്രീമിയം ബസുകളുടെ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. മന്ത്രിയുടെ മകൻ ഡിസൈൻ ചെയ്തതുകൊണ്ടാണോ മോട്ടോർ വാഹന വകുപ്പ് കണ്ണടക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. ഈ ഇരട്ട നീതിക്കെതിരെ കോടതിയെ സമീപിക്കാൻ ഒരുങ്ങുകായാണ് ഒരു വിഭാഗം ടൂറിസ്റ്റ് ബസ് ഉടമകൾ.


2022 ഒക്ടോബറിൽ പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെയാണ് റോഡ് സുരക്ഷ കണക്കിലെടുത്ത് സർക്കാർ, ടൂറിസ്റ്റ് ബസുകൾക്ക് കളർകോഡ് സംവിധാനം ഏർപ്പെടുത്തിയത്. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാത്ത വെള്ളനിറം പതിച്ചാൽ അപകടം കുറയുമെന്ന വിശദീകരണമാണ്‌ മോട്ടോർ വാഹന വകുപ്പ് നൽകിയത്. പഴയ ഗ്രാഫിക്സുകൾ മാറ്റി പുതിയ കളർകോഡ്‌ സംവിധാനം നിലവിൽ വന്നതോടെ കോവിഡിന് ശേഷം പ്രതിസന്ധി തരണം ചെയ്തുവന്ന സ്വകാര്യ ബസ് മേഖലക്ക് വലിയൊരു തിരിച്ചടിയായി മാറി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only