പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ 8-ാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കുന്ന കായിക താരം കൂടിയായ വിദ്യാർത്ഥിനി യുടെ പ്രായം സംബന്ധിച്ച് ചില ആരോപണങ്ങൾ കഴിഞ്ഞ ദിവസം ഉയർന്നു വന്നിരുന്നു.
ഉത്തർപ്രദേശ് സ്വദേശിനിയായ ജ്യോതി ഉപാധ്യായ എന്ന വിദ്യാർത്ഥിനിക്കാണ് എട്ടാം ക്ലാസ്സിലേക്ക് അഡ്മിഷൻ നൽകിയത്. സ്വന്തം കുടുംബത്തിലെ പരാധീനതകൾ മൂലം അഞ്ചാം ക്ലാസിൽ പഠനം നിറുത്തി വയ്ക്കേണ്ടി വന്നിരുന്ന ഈ വിദ്യാർത്ഥിനിക്ക് സർക്കാരിൻ്റെ നിയമ നിബന്ധനകൾ അനുസരിച്ച്, ആവശ്യമായ എല്ലാ രേഖകളും പരിശോധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് അഡ്മിഷൻ നൽകിയിട്ടുള്ളത്. കുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടപടികൾ സ്കൂൾ പൂർത്തിയാക്കിയത്. ഈ രേഖകളെല്ലാം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലേക്കും സമർപ്പിച്ചിട്ടുള്ളതാണ്.
മികച്ച കായിക പരിശീലനം നൽകുന്ന പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടുന്നതിന് വേണ്ടി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്ത് നിന്നും ലക്ഷദ്വീപിൽ നിന്നും എല്ലാം ധാരാളം കുട്ടികൾ വർഷങ്ങളായി എത്തുന്നുണ്ട്. ഈ കുട്ടികൾ സൗകര്യാർത്ഥം പഠനം നടത്തുന്നത് പുല്ലൂരാംപാറ യുപി സ്കൂളിലും, ഹൈസ്കൂളിലും, ഹയർ സെക്കൻഡറി സ്കൂളിലും ആണ്. സ്കൂൾ പ്രവേശനത്തിന് ഡിപ്പാർട്ട്മെന്റും വിദ്യാഭ്യാസ നിയമവും അനുശാസിക്കുന്ന രേഖകൾ ഹാജരാക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ നൽകുക എന്നുള്ളത് സ്കൂൾ അധികാരികളുടെ കടമയാണ്. വിവിധ കാരണങ്ങളാൽ പഠനം നടത്താൻ അവസരം നിഷേധിക്കപ്പെട്ടവരും, ഇടയ്ക്ക് വെച്ച് പഠനം നിർത്തേണ്ടി വന്നവരുമായ വിദ്യാർത്ഥികൾക്ക് എട്ടാം ക്ലാസ് വരെ, ഒരു പ്രത്യേക യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തിൽ ടി.സി ഇല്ലാതെ തന്നെ യു.ഐ.ഡി രേഖകൾ ഹാജരാക്കിയാൽ പ്രവേശനം നൽകാമെന്ന് നമ്മുടെ സംസ്ഥാനത്ത് നിയമം ഉണ്ട്. ഇതനുസരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഒട്ടേറെ സ്കൂളുകളിൽ കുട്ടികൾക്ക് ടി.സി ഇല്ലാതെ തന്നെ എട്ടാം ക്ലാസ് വരെ വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നൽകുന്നത്. വിശദമായ പരിശോധന നടത്തിയാൽ ഈ സ്കൂളിൽ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഇതുപോലെ ഇടയ്ക്ക് പഠനം നിർത്തിപ്പോയ കുട്ടികൾക്ക് സ്വകാര്യ പഠനം എന്ന നിലയിൽ വിടുതൽ സർട്ടിഫിക്കറ്റ് ഇല്ലാതെ സ്കൂളിൽ ചേർന്നു പഠിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് കാണാം.
കുട്ടികളുടെ അഡ്മിഷൻ കാര്യത്തിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരു തെറ്റും സംഭവിച്ചിട്ടില്ല. സ്പോർട്സ് അക്കാദമിയിൽ പരിശീലനം നേടാൻ വേണ്ടി എത്തിയ വിദ്യാർത്ഥിനിക്ക് അക്കാദമി അധികൃതരുടെ ശുപാർശയിൽ രക്ഷിതാവിന്റെ അപേക്ഷ പരിഗണിച്ച് ജനന സർട്ടിഫിക്കറ്റും ആധാറും ഉൾപ്പെടെയുള്ള രേഖകളുടെ പിൻബലത്തിൽ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകുക മാത്രമാണ് സ്കൂൾ അധികൃതർ ചെയ്തിട്ടുള്ളത്. സബ്ജില്ലാ, ജില്ല തല മത്സരങ്ങളിൽ പങ്കെടുത്തു യോഗ്യത നേടിയതിനു ശേഷമാണ് ഈ വിദ്യാർഥിനി, സംസ്ഥാന കായികമേളയിൽ പങ്കെടുക്കാൻ എത്തുന്നത്. സംസ്ഥാന കായികമേളയിൽ രണ്ട് ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡൽ ജേതാവായി.
സംസ്ഥാന കായികമേളയിൽ ചാമ്പ്യൻ സ്കൂൾ പട്ടത്തിനു വേണ്ടി വർഷങ്ങളായി കടുത്ത മത്സരവും ചേരിപ്പോരും നടക്കുന്ന വിവരം എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഏറ്റവും മികച്ച സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെടുന്ന സ്കൂളുകൾ തമ്മിൽ ഒരു കിടമൽസരം തന്നെ നിലനിൽക്കുന്നുണ്ട്. തങ്ങൾക്ക് ഭീഷണിയാകുന്ന എതിരാളികളെ ഏതുവിധത്തിൽ എങ്കിലും പരാജയപ്പെടുത്തണം എന്നുള്ള ഗൂഢ ഉദ്ദേശമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ആരോപണങ്ങൾക്ക് പിന്നിലുള്ള പ്രേരക ശക്തി എന്ന് സംശയിക്കേണ്ടി യിരിക്കുന്നു. പതിറ്റാണ്ടുകളായി കേരളത്തിലെ കായിക രംഗത്ത് നിറസാന്നിധ്യമായി നിൽക്കുന്ന ഈ വിദ്യാലയത്തിനെതിരെ ഇന്നുവരെ ഇതുപോലെയുള്ള യാതൊരുവിധ ആക്ഷേപങ്ങളും ഉയർന്നു വന്നിട്ടില്ല. കായികമേളയിൽ പങ്കെടുപ്പിക്കുന്നതിന് വേണ്ടി കുട്ടിയുടെ ജനന തിയ്യതിയിൽ മനപ്പൂർവ്വം കൃത്രിമത്വം കാണിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതമാണ്. സ്കൂൾ അഡ്മിഷൻ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ജനനത്തീയതി അടിസ്ഥാനമാക്കിയാണ് ഈ കുട്ടിയുടെ സ്പോർട്സ് എൻട്രി രജിസ്ട്രേഷൻ നടത്തിയിട്ടുള്ളത്. കുട്ടിയും രക്ഷിതാവും സ്കൂൾ പ്രവേശന സമയത്ത് ഹാജരാക്കിയിട്ടുള്ള രേഖകളിൽ എന്തെങ്കിലും കൃത്രിമത്വമോ അപാകതയോ ഉണ്ടെങ്കിൽ അതിന് സ്കൂൾ അധികാരികൾ ഒരുതരത്തിലും ഉത്തരവാദികളല്ല. മറിച്ച് ഈ രേഖകൾ ഹാജരാക്കിയിട്ടുള്ള വ്യക്തികളാണ് അതിന്റെ ഉത്തരവാദികൾ.
വാസ്തവം ഇതായിരിക്കെ, കിംവദന്തികളുടെ പേരിൽ സ്കൂളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തികച്ചും അപലപനീയമാണ്. ഇക്കാര്യത്തിൽ സ്കൂൾ അധികാരികൾക്ക് ഒന്നും മറച്ചുവയ്ക്കാനില്ല.ഏതു തരത്തിലുള്ള അന്വേഷണത്തെയും സ്കൂൾ അധികാരികൾ സർവാത്മനാ സ്വാഗതം ചെയ്യുന്നു. ഏത് അന്വേഷണത്തോടും സഹകരിക്കാൻ സ്കൂൾ അധികാരികൾ സന്നദ്ധരുമാണ്.
ഇങ്ങനെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിൻ്റെ എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ച് സംസ്ഥാന കായിക മേളയിൽ പങ്കെടുത്ത് വിജയം നേടിയ വിദ്യാർത്ഥിനിയെ മറയാക്കി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിനെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് തികച്ചും അപലപനീയമാണ്. പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂളിനെയും ഈ സ്കൂളിൻ്റെ കായിക വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തെയും തകർക്കുവാനായി, കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ചില ശക്തികളാണ് ഈ വ്യാജ പ്രചരണങ്ങൾക്ക് പിന്നിൽ എന്ന് ഞങ്ങൾ സംശയിക്കുന്നു. പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ നേടിയെടുത്തിരിക്കുന്ന വൻ വിജയത്തിൽ വിറളി പൂണ്ട് നടത്തുന്ന ആരോപണങ്ങളാണിത്.
പരാതി ഉണ്ടെങ്കിൽ ഉത്തരവാദിത്വപ്പെട്ടവർ അന്വേഷണം നടത്തി അവ സമർപ്പിച്ച രക്ഷിതാക്കളോട് വിശദീകരണം തേടും.
എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഈ സ്കൂളിലെ വിദ്യാർഥികൾ നേടിയെടുത്തിരിക്കുന്ന വിജയത്തിൽ സ്കൂൾ അഭിമാനിക്കുകയും ഈ വിദ്യാർത്ഥികളെയും കായികാദ്ധ്യാ പകരേയും അഭ്യുദയകാംക്ഷി കളെയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്യുന്നു.
ഹെഡ്മാസ്റ്റർ
സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ
പുല്ലൂരാംപാറ.
Post a Comment