Feb 6, 2026

കോഴിക്കോട് വൻ ലഹരി വേട്ട; ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടു വന്ന 41.5 കിലോ കഞ്ചാവ് പിടികൂടി


കോഴിക്കോട് : നഗരത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് കാറിൽ കൊണ്ടു വന്ന 41.5 കിലോ കഞ്ചാവുമായി ഓമശ്ശേരി സ്വദേശി പിടിയിലായി. ഓമശ്ശേരി പുത്തൂർ സ്വദേശി പുറായിൽ വീട്ടിൽ ജംഷീറിനെ (32) ആണ് പിടിയിലായത്. കോഴിക്കോട് സിറ്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ് പിടിയിലായ ജംഷീറെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് മുണ്ടിക്കൽ താഴം പട്ടാളമുക്കിലേക്ക് ഒഡീഷയിൽ നിന്ന് കാറിൽ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ജംഷീറിന്റെ സുഹൃത്തും ഷൊർണ്ണൂർ സ്വദേശിയുമായ ഫിറോസിന്റെ കാറുമായി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ഒഡീഷയിൽ എത്തിയ പ്രതി അവിടെ നിന്നും രണ്ട് കിലോ വീതം 20 കഞ്ചാവ് പാക്കറ്റുകൾ കാറിന്റെ ഡിക്കിയിലും പിൻസീറ്റിലുമായി നിറച്ച് വരുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി പൊലീസിന്റെ പിടിയിലായത്. എട്ടു വർഷത്തോളം വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ ശേഷം നാഷനൽ പെർമിറ്റ് ലോറിയിൽ ഡ്രൈവറായി പോയിരുന്നു. ഈ സമയത്താണ് ഇയാൾ ലഹരിമരുന്ന് വിൽപനയിലേക്ക് തിരിഞ്ഞത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ വിവിധ ഏജന്റുമാർക്ക് നൽകുകയാണ് ചെയ്തിരുന്നത്.

പിടിക്കപ്പെടാതിരിക്കാൻ പ്രതി പകൽ സമയങ്ങളിൽ മാത്രമാണ് വാഹനം ഓടിച്ചിരുന്നത്. യാത്രയ്ക്കിടെ ഫോണിലൂടെ ആവശ്യക്കാരെ കണ്ടെത്തുകയും വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്നതാണ് പ്രതിയുടെ രീതി. പ്രതി ഇതിന് മുൻപും നാലു കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്.

ഡാൻസാഫ് സ്ക്വാഡിലെ സബ് ഇൻസ്പെക്ടർ മനോജ് ഇടയിടത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, എസ്‌സിപിഒ സുനോജ് കാരയിൽ, സിപിഒമാരായ തരുൺ കുമാർ, ശ്രീശാന്ത്, ഷിനോജ് , തൗഫീക്ക്, അതുൽ, അഭിജിത്ത്, മഷൂർ, ആശിർവാദ്, ചേവായുർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഏലിയാസ്, അബ്ദുൾ റഷീദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നജീബ്, സിപിഒ മാരായ പ്രജീഷ്, മുനീർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only