Feb 11, 2026

ശഹാദ ചൊല്ലി, പേര് മാറ്റി, ഇനി ഞാൻ മുസ്‌ലിം' ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ; പ്രഖ്യാപനം ലൈവ് സ്ട്രീമിങ്ങിനിടെ


ലണ്ടൻ: ഇസ്‌ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിച്ച് ബ്രിട്ടീഷ് റാപ്പർ സെൻട്രൽ സീ. താൻ ഇസ്‌ലാം മതം സ്വീകരിച്ചതായും പേര് മാറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ലൈവ് സ്ട്രീമിങ്ങിനിടെയാണ് സെൻട്രൽ സി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പേര് അഖീൽ എന്ന് മാറ്റിയതായും അദ്ദേഹം പ്രഖ്യാപിച്ചു.ശഹാദത്ത് കലിമ (ഇസ്‌ലാം മത വിശ്വാസ പ്രഖ്യാപനം) ചൊല്ലുകയും ഔദ്യോഗികമായി ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ലൈവ് സ്ട്രീമിങ്ങിനിടെ പ്രഖ്യാപിച്ചു

'ഞാൻ എന്റെ പേര് മാറ്റി, ശഹാദ ചൊല്ലി. ഞാനിപ്പോൾ മുസ്‌ലിമാണ്'- ശ്രോതാക്കളോടായി സെൻട്രൽ സി പറഞ്ഞു. 

ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഗായകനാണ് സെൻട്രൽ സി. സെൻട്രൽ സി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നതെങ്കിലും ഓക്ലി നീൽ സീസർ-സു എന്നായിരുന്നു യഥാർഥ പേര്. ഇത് മാറ്റിയാണ് അഖീൽ എന്നാക്കിയിരിക്കുന്നത്. അതേസമയം, തന്റെ ആത്മീയ യാത്രയെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. 

തന്റെ മതപരമായ വിശ്വാസങ്ങളെക്കുറിച്ച് പരസ്യമായി ഒരിടത്തും സി, പ്രതികരിച്ചിരുന്നില്ല. എന്നാൽ, 2023ൽ ഇൻസ്റ്റഗ്രാമിൽ അറബിക് ക്യാപ്ഷനോടു കൂടി അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. 

'ശപിക്കപ്പെട്ട പിശാചിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു' എന്ന് അർത്ഥം വരുന്ന വാചകമായിരുന്നു അത്. പിന്നാലെ അദ്ദേഹം രഹസ്യമായി ഇസ്‌ലാം മതം സ്വീകരിച്ചോ എന്ന തരത്തിലുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ അന്നൊന്നും അദ്ദേഹം ഇതിനോട് പ്രതികരിച്ചിരുന്നില്ല.

1998 ജൂൺ 4ന് ലണ്ടനിലാണ് അദ്ദേഹം ജനിക്കുന്നത്. ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അമ്മയ്ക്കും രണ്ട് ഇളയ സഹോദരന്മാർക്കുമൊപ്പമാണ് വളർന്നത്. 2014ൽ സംഗീത ജീവിതം ആരംഭിച്ചു. അന്നുമുതൽ, യുകെ ഡ്രിൽ, റാപ്പ് സംഗീത മേഖലകളിലെ നിർണ്ണായക സാന്നിധ്യമായി. പടിഞ്ഞാറൻ ലണ്ടനിൽ നിന്നുള്ള അദ്ദേഹം, വിവിധ സംഗീത ശൈലികളെ വൈദഗ്ധ്യത്തോടെ സമന്വയിപ്പിച്ചുകൊണ്ട് ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിലായി കോടിക്കണക്കിന് സ്ട്രീമുകൾ നേടി. 2023ൽ ഡേവുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടും തരംഗമായിരുന്നു. തുടർച്ചയായ പത്ത് ആഴ്ചകളോളം ചാർട്ടുകളിൽ ഒന്നാമതായിരുന്നു ഈ സഖ്യം.

2024ൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട യുകെ റാപ്പറായി സി. 2025ഓടെ ബിൽബോർഡ് 200ന്റെ(യു.എസിലെ സംഗീത ആൽബങ്ങളുടെ ചാർട്ട്) ടോപ്പ് 10ൽ ഇടംപിടിക്കുന്ന ആദ്യത്തെ യുകെ റാപ്പറായി മാറി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only