Feb 1, 2026

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിൽ; വൻവരവേൽപ്പൊരുക്കി നാട്ടുകാർ


കോഴിക്കോട്: അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസ് വിമാനം കരിപ്പൂരിലെത്തി. രാവിലെ 8.15 ഓടെയാണ് വിമാനം ഇറങ്ങിയത്. കോൽക്കളിയും അറബന മുട്ടും ശിങ്കാരി മേളവുമായാണ് നാട്ടുകാർ വിമാനത്തിന് വരവേൽപ്പൊരുക്കിയത്.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പ്രാദേശിക സമയം പുലർച്ചെ 1.20ന് പുറപ്പെട്ട എസ്‌.വി 712 വിമാനം രാവിലെ 8.35നാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടിയിരുന്നത്. എന്നാൽ അരമണിക്കൂർ നേരത്തെ എത്താനായെന്ന് യാത്രക്കാർ പറഞ്ഞു.

തിരികെ രാവിലെ 9.45ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.50ന് റിയാദിലെത്തും. നല്ല സർവീസാണെന്നാണ് യാത്രക്കാരുടെ അഭിപ്രായം.

സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ നാല് ദിവസങ്ങളിൽ (ബുധൻ, വ്യാഴം, ശനി, ഞായർ) സർവീസുകൾ നടത്തും. വരും ദിവസങ്ങളിൽ ജിദ്ദ, ദമാം സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ഭാവിയിൽ വലിയ വിമാനങ്ങൾ എത്തിക്കാൻ സമ്മർദം ചെലുത്തുമെന്നും മലബാർ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികൾ പറഞ്ഞു.

മലബാറിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറക്കാൻ സൗദി എയർലൈൻസിന്റെ വരവ് സഹായിക്കുമെന്നാണ് കരുതുന്നത്.

2015 മെയ് മാസത്തിലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് മൂന്നര വർഷത്തിന് ശേഷം സർവീസുകൾ പുനരാരംഭിച്ചെങ്കിലും 2020 ആഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം വന്നതോടെ സർവീസ് വീണ്ടും മുടങ്ങുകയായിരുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only