Apr 30, 2026

ഡാമിലെ ചെളി ഇരുവഞ്ഞിപ്പുഴയിൽ തള്ളിയത് നീക്കാൻ നടപടി സ്വീകരിക്കും


കോടഞ്ചേരി : കോടഞ്ചേരി പഞ്ചായത്തിലെ ചെറുകിട ജലവൈദ്യുതി പദ്ധതികൾ ആയ 
 കെ.എസ്.കെ, മിനാർ, സിയാൽ എന്നീ ജലവൈദ്യുത പദ്ധതികൾ ഡാമിൽ നിന്നുള്ള ചെളിയും മണലും കല്ലും ഇരുവഞ്ഞിപ്പുഴയിലേക്ക് വൻതോതിൽ തള്ളിയത് നീക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ.
കോടഞ്ചേരി പഞ്ചായത്തിന്റെ അധീനതയിലുള്ള മൂന്നു പദ്ധതി പ്രദേശത്തും പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഡാം വൃത്തിയാക്കിയതെന്നും ഇത്തരം നടപടികൾക്കെതിരെ കർശന നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

 ജില്ലാ ടൂറിസം പ്രമോഷന്റെ കീഴിലുള്ള അരിപ്പാറ,കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള പതങ്കയം എന്നീ ടൂറിസം കേന്ദ്രങ്ങളും അനവധി കുടിവെള്ള വിതരണ പമ്പ് സ്റ്റേഷനുകളും സ്ഥിതിചെയ്യുന്ന ഇരുവഞ്ഞിപ്പുഴയിലെ ജലം മലിനം ആക്കുകയും ഇത്തരം പ്രവർത്തികൾ മൂലം പുഴയിലെ സ്വാഭാവിക നീരൊഴുക്കിനെ ബാധിക്കുകയും പുഴയിലെ കയങ്ങൾ നികത്തുന്നത് മൂലം കുടിവെള്ള പ്രതിസന്ധി ഉണ്ടാകുമെന്നും സാധാരണക്കാർക്ക് പുഴ നിർലോഭം ഉപയോഗിക്കാനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

 ഡാമിൽ നിന്നെടുക്കുന്ന മാലിന്യങ്ങൾ ജലവൈദ്യുത പദ്ധതി കമ്പനികൾ സ്വയം സ്ഥലം ഏറ്റെടുത്ത് പ്രത്യേകം സംസ്കരിക്കുവാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നും പ്രദേശവാസികൾക്ക് പുഴയിൽ നിർലോഭം കുളിക്കുവാനും വസ്ത്രമലക്കുവാനുമുള്ള സൗകര്യം ഗ്രാമപഞ്ചായത്ത് ഒരുക്കുമെന്നും ഇരവഞ്ഞിപ്പുഴയിലെ വിനോദസഞ്ചാരത്തിനും കുടിവെള്ള വിതരണ പദ്ധതികളും പരിസ്ഥിതിയെയും പുഴയിലെ മത്സ്യങ്ങളെയും സംരക്ഷിക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

  മിനാർ, കെ.എസ്.കെ, സിയാൽ ജലവൈദ്യുത പദ്ധതികൾ പുഴ കയ്യേറി ഡാമിലെ ചെളിയും കല്ലും മണ്ണും പുഴയിലേക്ക് തള്ളിയ പ്രദേശങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡണ്ട് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only