Apr 5, 2026

ഹോർമുസിലെ നയതന്ത്രനീക്കം; ഏറ്റവും കൂടുതൽ കപ്പലുകളെ കടലിടുക്ക് കടത്തിയത് ഇന്ത്യ, ഇതുവരെ എട്ട് കപ്പലുകൾ


ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിൽ എത്തിയത് എട്ട് കപ്പലുകൾ. സംഘർഷം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ കപ്ലുകൾ എത്തിയത് ഇന്ത്യയിലേക്കാണ്. ഇന്ത്യ ഉൾപ്പെടെയുള്ള സൌഹൃദ രാജ്യങ്ങൾക്ക് ഇളവു നൽകുന്നു എന്നാണ് ഇറാൻ പ്രതികരിച്ചത്. ഫെബ്രുവരി 28-ലെ യുഎസ് - ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് ആഗോള ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കി. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ 60 ശതമാനവും ഇറാനിൽ നിന്നുള്ളതോ അങ്ങോട്ട് പോകുന്നതോ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായി എത്തിനായി.
യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴും എട്ട് ഇന്ത്യൻ കപ്പലുകൾ ഇതുവരെ ഹോർമുസ് കടലിടുക്ക് കടന്നു. എംടി ശിവാലിക്, എംടി നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം, ഗ്രീൻ സാൻവി എന്നീ കപ്പലുകളാണ് സുരക്ഷിതമായി ഹോർമുസ് കടന്നത്. ഇവയിൽ ഭൂരിഭാഗവും പാചകവാതകവും അസംസ്‌കൃത എണ്ണയും വഹിച്ചുകൊണ്ടുള്ളവയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ എൽപിജിയുമായി കടന്നുപോയ ഗ്രീൻ സാൻവിയാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കപ്പൽ. ഗ്രീൻ ആശ, ജഗ് വിക്രം എന്നീ കപ്പലുകൾക്കും അനുമതി ലഭിച്ചേക്കും. ഇന്ത്യൻ പതാകയുള്ള 15ലേറെ കപ്പലുകൾ നിലവിൽ ഹോർമുസ് മേഖലയിലുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only