May 15, 2026

രമേശ് ജ്യേഷ്ഠതുല്യൻ; ഇത് രണ്ട് സഹോദരന്മാരുടെ കൂടിക്കാഴ്ച’: ചെന്നിത്തലയെ വീട്ടിലെത്തി സന്ദർശിച്ച് സതീശൻ


തിരുവനന്തപുരം :  വി.ഡി.സതീശന്‍ മുഖ്യമന്ത്രി ആയതില്‍ സന്തോഷമുണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല. വളരെ വ്യക്തിപരമായ ബന്ധമാണ് സതീശനുമായുള്ളത്. പത്തു വര്‍ഷത്തെ ഇടതു ഭരണത്തില്‍ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള ദൗത്യം സതീശനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാവരും ചേര്‍ന്ന നിറവേറ്റുമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭാ രൂപീകരണത്തില്‍ എന്തെങ്കിലും ഉപാധി വയ്ക്കുമോ എന്ന ചോദ്യത്തിന് ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. മന്ത്രിസ്ഥാനം പാര്‍ട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാക്കാലത്തും തന്റെ നേതാവാണ് രമേശ് ചെന്നിത്തല എന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ചെറുപ്പം മുതല്‍ നിരവധി തവണ വന്നിരുന്ന വീടാണിത്. രണ്ടു സഹോദരന്മാരുടെ കൂടിക്കാഴ്ചയാണിത്. ജ്യേഷ്ഠ സഹോദര തുല്യനായ രമേശിന്റെ പിന്തുണ തനിക്കുണ്ടാകുമെന്ന് ഉറപ്പാണെന്നും സതീശന്‍ പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടി രമേശ് ചെന്നിത്തലയുമായും ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും സതീശന്‍ പറഞ്ഞു. ജോസഫ് വാഴയ്ക്കന്‍, വി.ടി.ബല്‍റാം, അന്‍വര്‍ സാദത്ത്, അബിന്‍ വര്‍ക്കി, ജ്യോതികുമാര്‍ ചാമക്കല തുടങ്ങി നിരവധി നേതാക്കള്‍ ചെന്നിത്തലയുടെ വീട്ടിലുണ്ടായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only