കോഴിക്കോട്: നഗരമധ്യത്തിൽ പൊലീസ് നടത്തിയ കർശന പരിശോധനയിൽ രണ്ട് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി. കാറിൽ കടത്തുകയായിരുന്ന ഏകദേശം 2000 പാക്കറ്റ് ഹാൻസാണ് സിറ്റി ഡാൻസാഫ് സംഘവും ടൗൺ പോലീസും ചേർന്ന് ചെറൂട്ടി റോഡിൽ വെച്ച് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കാറോടിച്ചിരുന്ന താമരശ്ശേരി കോരങ്ങാട് സ്വദേശി മിഥിലാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചെറൂട്ടി റോഡിൽ നിരീക്ഷണം ശക്തമാക്കുകയായിരുന്നു
തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ടൊയോട്ട എറ്റിയോസ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ചതാണ് ഈ ഹാൻസ് പാക്കറ്റുകളെന്ന് പ്രതി മിഥിലാജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ലഹരി ഉൽപ്പന്നങ്ങളുടെ ഒഴുക്ക് തടയുന്നതിനായി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ഡാൻസാഫ് സംഘം കർശനമായ പരിശോധനകളാണ് വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.
Post a Comment