Aug 20, 2026

മോഷ്ടാവെന്നാരോപിച്ച് 12 വയസ്സുകാരന് ക്രൂരമർദനം; CWC ഇടപെടലിൽ പോലീസ് കേസെടുത്തു.


എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ പ്രദേശത്ത് വാച്ച് മോഷണം ആരോപിച്ചു 12 വയസ്സുകാരനായ വിദ്യാർത്ഥിക്ക് നേരെ പിതാവിന്റെ ബന്ധുക്കളുടെ അതിക്രൂര പീഡനമേറ്റ സംഭവത്തിൽ സി.ഡബ്ല്യു.സി നിർദ്ദേശപ്രകാരംകൊടുവള്ളി പോലീസ് കേസ് രെജിസ്റ്റർ ചെയ്തു. 



കുട്ടിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി അടച്ചിട്ട മുറിയിൽ രണ്ടു ദിവസത്തോളം കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ണിൽ മുളകുപൊടി കലക്കി ഒഴിക്കുകയും ദേഹമാസകലം പച്ചമുളക് അരച്ചു തേക്കുകയും ചെയ്തതായും, കാൽനഖത്തിൽ ഈർക്കിലും, കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റി. അടച്ചിട്ട മുറിയിൽനിന്ന് രാത്രി സാഹസികമായി പുറത്തുകടന്ന് റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

ഓഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. കുട്ടി ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പീഡനം. കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ബന്ധുവീട്ടിലെ മുറിയിൽ അടച്ചിട്ട് മർദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയതിന്റെ മുറുക്കം കുറഞ്ഞപ്പോൾ രാത്രി പതിനൊന്നിന് കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. മോഷണംപോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു.

സംഭവം കോഴിക്കോട് യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീമിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി.) യുടെ ശ്രദ്ധയിൽ പെടുത്തുകയും, അന്വേഷണം നടത്തി നടപടിയെടുക്കാൻ റൂറൽ എസ്.പി.ക്ക് നിർദേശം നൽകി. കുട്ടിയെ പീഡിപ്പിച്ച പിതൃസഹോദരൻ, ഇയാളുടെ ഭാര്യ, മകൻ എന്നിവരുടെപേരിൽ കൊടുവള്ളി പോലീസ് കേസെടുത്തു. മർദിച്ചതിനും ആയുധങ്ങളുപയോഗിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും അന്യായമായി
തടങ്കലിൽവെച്ചതിനും ഉൾപ്പെടെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.

കുട്ടിയുടെ വീടിനുസമീപമാണ് പിതൃസഹോദരന്റെ വീട്. മറ്റു ബന്ധുക്കളുടെയും വീടുകൾ അടുത്തുള്ളതിനാൽ കുട്ടി അവിടെ എവിടെയെങ്കിലും ഉണ്ടാവുമെന്നു കരുതിയാണ് വീട്ടുകാർ അന്വേഷിക്കാതിരുന്നത്. പിതാവിനും, രണ്ടാനമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസം.

കുട്ടിക്കും കുടുംബത്തിനും കൗൺസലിങ് നൽകിയശേഷം കുട്ടിയെ സി.ഡബ്ല്യു.സി.യുടെ താത്കാലിക സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only