Aug 4, 2026

നടപ്പാലത്തിൽ വിള്ളൽ; സുരക്ഷാ ആശങ്ക.

കൂടരഞ്ഞി : പൂവാറൻതോട് കെ.എസ്. ഇ.ബി.യുടെ ജലവൈദ്യുത പദ്ധതിക്ക് സമീപം 1987-ൽ വെസ്റ്റേൺ ഘട്ട് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച കോൺക്രീറ്റ് നടപ്പാലത്തിന്റെ മധ്യഭാഗത്ത് വലിയ വിള്ളൽ രൂപപ്പെട്ടതായി പരാതി. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി സമീപത്ത് നടന്ന കല്ല് പൊട്ടിക്കലിന്റെ ആഘാതമാണ് നടപ്പാലത്തിൽ വിള്ളൽ രൂപപ്പെടാൻ കാരണമായതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതേ പ്രദേശത്തെ വീടുകൾക്ക് മുമ്പ് സമാനമായ കേടുപാടുകൾ സംഭവിച്ചപ്പോൾ പദ്ധതിയുടെ കരാറുകാർ നഷ്ടപരിഹാരം നൽകിയിരുന്നുവെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പൂവാറൻതോട്ടിൽ നിന്ന് ഓളിക്കൽ ഭാഗത്തേക്കുള്ള ജനങ്ങളുടെ ഏക യാത്രാമാർഗമാണ് ഈ നടപ്പാലം. പാലത്തിന്റെ മധ്യഭാഗത്ത് രൂപപ്പെട്ട വിള്ളൽ യാത്രക്കാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അടിയന്തരമായി വിദഗ്ധ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കുകയും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വാർഡ് മെമ്പർ റോയി ആക്കേൽ, വില്ലേജ് ഓഫീസർ രാജേഷ് കെ.ജി., പഞ്ചായത്ത് ഓവർസിയർ നജീബ് എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only