Aug 16, 2026

ലഹരിക്കെതിരെ സന്ദേശവുമായി അഞ്ച് കിലോമീറ്റർ മാരത്തോൺ


തിരുവമ്പാടി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശമുയർത്തി കൂടരഞ്ഞിയിൽ നിന്ന് തിരുവമ്പാടിയിലേക്ക് അഞ്ച് കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചു. മസിൽ മെക്കാനിക് ഫിറ്റ്നസ് സെന്റർ തിരുവമ്പാടിയും ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റും മുക്കവും സംയുക്തമായാണ് മാരത്തോൺ സംഘടിപ്പിച്ചത്. നൂറോളം പേർ പങ്കെടുത്ത മാരത്തോൺ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം ദീപശിഖ തെളിയിച്ച് മാരത്തോൺ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗത്തിനെതിരെ സമൂഹത്തിൽ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുകയും യുവതലമുറയെ ലഹരിയിൽനിന്ന് അകറ്റിനിർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വാതന്ത്ര്യദിനത്തിന്റെ ആവേശത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ലഹരിവിരുദ്ധ ബോധവൽക്കരണവും ജനങ്ങളിലെത്തിക്കുക എന്നതായിരുന്നു മാരത്തോണിന്റെ പ്രധാന ലക്ഷ്യം. വിവിധ പ്രായത്തിലുള്ളവർ ആവേശത്തോടെ മാരത്തോണിൽ പങ്കെടുത്തു. “ലഹരിയിൽ നിന്ന് സ്വാതന്ത്ര്യം, ആരോഗ്യത്തിലേക്ക് മുന്നേറ്റം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു മാരത്തോൺ.

കൂടരഞ്ഞിയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, വൈസ് പ്രസിഡന്റ് ജോർജുകുട്ടി, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തിരുവമ്പാടിയിൽ നടന്ന സമാപനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. അജിത, ബോസ് പുരയിടത്തിൽ, സജ്ന ആനക്കാംപൊയിൽ, മറിയാമ്മ ബാബു, ശിവൻ ടി.കെ., ബാബു പൈക്കാട്ടിൽ, റിയാസ് മറിയപുറം,സെബാസ്റ്റ്യൻ മാഷ്, ഇന്ത്യൻ ഫുട്ബോൾ ടീം അംഗം നൗഫൽ പി എന്നിവർ പങ്കെടുത്തു.

മസിൽ മെക്കാനിക് ഫിറ്റ്നസ് സെന്റർ ഭാരവാഹികളായ അഫ്സൽ കുന്നത്ത്, ഷഫീഖ്, ഒപ്റ്റിക്കൽ ഗാലറി വിഷ്ണു പി.എസ്., സന്തോഷ് ഏറാടുവീട്ടിൽ, ശ്രീലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ നിമി ജോസ്, നൈസാം നടക്കാവിൽ, പ്രകാശ് മുക്കം, സഫിയ നടക്കാവിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ലഹരിക്കെതിരായ പോരാട്ടത്തിൽ സമൂഹത്തിന്റെ കൂട്ടായ ഇടപെടൽ അനിവാര്യമാണെന്ന് സംഘാടകർ വ്യക്തമാക്കി. വ്യുമൻ സിവിൽ എക്സൈസ് ഓഫീസർ ലത വിൽസൺ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിച്ച മാരത്തോൺ യുവാക്കൾക്കും പൊതുസമൂഹത്തിനും ലഹരിക്കെതിരെ ശക്തമായ സന്ദേശമായി മാറി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only