കൊച്ചി: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ കേസെടുത്തു. എറണാകുളം കുമ്പളം സ്വദേശി മഹേഷിനെതിരെയാണ് കേസ്. കെഎസ്ആര്‍ടിസി ഇയാളെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസില്‍ വെച്ചാണ് കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ അവഹേളിക്കുകയും സൗജന്യ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തത്. ഇതിനെയൊക്കെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് സീറോ ടിക്കറ്റ് നല്‍കാന്‍ കഴിയില്ല എന്ന് പറയുകയും ചെയ്തുവെന്ന് വിദ്യാര്‍ഥിനി പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നീ പെണ്ണാണോ എന്നറിയാന്‍ ഡ്രസ്സ് ഊരി നോക്കണമെന്നും അല്ലെങ്കില്‍ പെണ്ണാണെന്ന് നെറ്റിയില്‍ എഴുതി ഒട്ടിക്കണമെന്നും രോഷാകുലനായി പറഞ്ഞു. 'ഇതിനെ കണ്ടാല്‍ പെണ്ണാണെന്ന് തോന്നുമോ' എന്ന് ഉറക്കെ യാത്രക്കാരോടായി ചോദിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും മാനസിക ബുദ്ധിമുട്ട് തോന്നുന്ന തരത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ ആക്ഷേപിക്കുന്നതരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. തനിക്ക് നാണക്കേടും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു.
Post a Comment