തോട്ടുമുക്കം: മീൻ വേസ്റ്റ് കൊണ്ടുപോകുന്ന വാഹനത്തിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നതായും ദുർഗന്ധം കാരണം പ്രദേശവാസികൾ ദുരിതത്തിലാണെന്നും ആരോപിച്ച് നാട്ടുകാർ വാഹനം തടഞ്ഞു. കക്കാടംപൊയിൽ കൊളാജൻ മീൻ ഫാക്ടറിയിലേക്ക് മീൻ വേസ്റ്റുമായി പോകുകയായിരുന്ന വാഹനമാണ് തോട്ടുമുക്കം കുരിശുപള്ളിക്ക് സമീപം നാട്ടുകാർ തടഞ്ഞത്.
കുറച്ചുകാലമായി ഇതേ രീതിയിൽ വാഹനത്തിൽ നിന്ന് വെള്ളവും മീൻ വേസ്റ്റും റോഡിലേക്ക് വീഴുന്നതായി നാട്ടുകാർ പറയുന്നു. ഇതുമൂലം റോഡിൽ ദുർഗന്ധം പടരുകയും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടാകുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
നിരവധി തവണ വാഹന ഉടമകളോടും ജീവനക്കാരോടും പരാതിപ്പെടുകയും, തുടർന്ന് പലതവണ റോഡ് വൃത്തിയാക്കി നൽകുകയും ചെയ്തിരുന്നു. എന്നാൽ വീണ്ടും സമാനമായ രീതിയിൽ മാലിന്യവും മലിനജലവും റോഡിൽ വീഴുന്നത് പതിവായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
തുടർന്ന് വാർഡ് മെമ്പർ സന്തോഷ് സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ നാട്ടുകാരുമായി നടത്തിയ ചർച്ചയിൽ റോഡ് പൂർണമായും വൃത്തിയാക്കി നൽകാമെന്ന് വാഹന ജീവനക്കാർ ഉറപ്പ് നൽകി. ഇതിനെ തുടർന്ന് വാഹനം ഫാക്ടറിയിലേക്ക് പോകാതെ തിരിച്ചുവിട്ടു. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകാനും നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് ഇത്തരം വാഹനങ്ങളിൽ നിന്നുള്ള മലിനജല ഭീഷണി തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment