Oct 31, 2026

സ്‌കൂള്‍ കായികമേള: സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്, അത്‌ലറ്റിക്‌സില്‍ മലപ്പുറം


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി സ്വര്‍ണക്കപ്പ് സ്വന്തമാക്കി. ആകെ 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഈ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. കായികമേളയില്‍ മികച്ച പോരാട്ടം കാഴ്ചവെച്ച തൃശൂര്‍ 965.3 പോയികോടെ രണ്ടാം സ്ഥാനവും, 923.3 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതേസമയം, കായികമേളയിലെ പ്രധാന ഇനമായ അത്ലറ്റിക്സില്‍ മലപ്പുറം ജില്ല ജേതാക്കളായി.


ഗെയിംസ്, അക്വാട്ടിക്സ് എന്നീ വിഭാഗങ്ങളില്‍ മികച്ച ആധിപത്യം പുലര്‍ത്തിയാണ് തിരുവനന്തപുരം കിരീടനേട്ടത്തിലേക്ക് കുതിച്ചത്. ഗെയിംസ് ഇനങ്ങളില്‍ നിന്ന് മാത്രം 1310 പോയന്റാണ് തിരുവനന്തപുരം നേടിയത്. ഈ വിഭാഗത്തില്‍ 151 സ്വര്‍ണവും, 92 വെള്ളിയും, 106 വെങ്കലവും അവര്‍ സ്വന്തമാക്കി. ഗെയിംസില്‍ 813 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും, 796 പോയിന്റുമായി തൃശൂര്‍ മൂന്നാമതുമെത്തി.കൂടാതെ, അക്വാട്ടിക്സ് (നീന്തല്‍) ഇനങ്ങളിലും തിരുവനന്തപുരം തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചു. 606 പോയിന്റാണ് ഈ വിഭാഗത്തില്‍ തിരുവനന്തപുരം നേടിയത്. അക്വാട്ടിക്സില്‍ 160 പോയിന്റുമായി എറണാകുളം രണ്ടാമതും, 120 പോയിന്റുമായി തൃശൂര്‍ മൂന്നാമതും സ്ഥാനം പിടിച്ചു.

ഓവറോള്‍ കിരീടം തിരുവനന്തപുരം സ്വന്തമാക്കിയെങ്കിലും, വാശിയേറിയ അത്ലറ്റിക്സ് മത്സരങ്ങളില്‍ 204.3 പോയിന്റോടെ മലപ്പുറം ജില്ല ജേതാക്കളായി. 19 സ്വര്‍ണവും, 23 വെള്ളിയും, 19 വെങ്കലവുമാണ് മലപ്പുറം അത്ലറ്റിക്സില്‍ മാത്രം കരസ്ഥമാക്കിയത്. 161.5 പോയിന്റോടെ പാലക്കാട് രണ്ടാമതും, 109 പോയിന്റോടെ ആലപ്പുഴ മൂന്നാമതും എത്തി.മലപ്പുറം ജില്ലയുടെ അത്ലറ്റിക്‌സ് വിജയത്തിന് പിന്നില്‍ ഐഡിയല്‍ ഇ.എച്ച്.എസ്.എസ് കടകശ്ശേരി, കെ.എച്ച്.എം.എച്ച്.എസ് ആലത്തിയൂര്‍ എന്നീ സ്‌കൂളുകളുടെ മികച്ച പ്രകടനമാണ് കരുത്തായത്. അത്ലറ്റിക്സില്‍ ഐഡിയല്‍ കടകശ്ശേരി സ്‌കൂള്‍ തുടര്‍ച്ചയായ അഞ്ചാം തവണയും ജേതാക്കളായി ചരിത്രമെഴുതി. 75.3 പോയിന്റോടെയാണ് ഐഡിയല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. അടുത്ത കായികമേള കൊല്ലത്ത് നടക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only